mvd

കൊല്ലം: വ്യാജ ചേസിസ് നമ്പർ ഉപയോഗിച്ച സർവീസ് നടത്തിയ ടാങ്കർ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി. ചവറ കെ.എം.എം.എല്ലിലേക്ക് ആസിഡ് കൊണ്ട് വന്ന രണ്ട് ടാങ്കറുകളാണ് പിടിയിലായത്. ആസിഡ് കൊണ്ടുവരാൻ ഉപയോഗിക്കുന്ന ടാങ്കർ ലോറികളിൽ വാഹനത്തിന്റെ ചേസിസ് , ഡ്രൈവർ ക്യാബിൻ എന്നിവ പഴയ അന്യസംസ്ഥാന വാഹനങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഉപയോഗിക്കുന്നതായി മോട്ടോർ വാഹനവകുപ്പിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് ചവറയിൽവച്ച് പരിശോധന നടത്തിയത്. പരിശോധനയിൽ ചേസിസ് നമ്പർവ്യാജമാണെന്നും ഡ്രൈവർക്യാമ്പിൻ മറ്റൊരു വണ്ടിയുടെതാണെന്നും കണ്ടെത്തി.

നിരന്തരം ആസിഡ് കൊണ്ടുവരുമ്പോൾ വാഹനത്തിന്റെ ബോഡിയിൽ സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായി അനധികൃതമായി മോട്ടോർ വാഹന വകുപ്പിന്റെ അനുമതി വാങ്ങാതെ പഴയ വാഹനങ്ങളുടെ ചേസിസ്, ഡ്രൈവർ കാമ്പിൻ എന്നിവ കൂട്ടിച്ചേർക്കുകയും പഴയ ചേസിസിൽ നമ്പർ അനധികൃതമായി കൊത്തിവയക്കുകയുമാണ് ചെയ്തിരുന്നത്.

തമിഴ്‌നാട് സ്വദേശിയുടെ പേരിലുള്ളതാണ് വണ്ടി . തുടർ പരിശോധനയക്കായി രണ്ട് വാഹനങ്ങും ചവറ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇന്ന് കൂടുതൽ പരിശോധനന നടത്തിയ ശേഷമേ പിഴ എത്രയെന്നതുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജുവിന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.ലീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടികൂടിയത്.