police-station
നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന എഴുകോൺ പൊലീസ് സ്റ്റേഷൻ കെട്ടിടം.

1987ൽ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം

2022 ജനുവരിയിൽ കെട്ടിട നിർമ്മാണം തുടങ്ങി

1.53കോടി രൂപ ചെലവിൽ

എഴുകോൺ : നിർമ്മാണം തുടങ്ങി രണ്ടര വർഷമാകുമ്പോഴും എങ്ങും എത്താതെ എഴുകോൺ പൊലീസ് സ്റ്റേഷൻ കെട്ടിടം. 2022 ജനുവരിയിൽ തുടങ്ങിയ കെട്ടിട നിർമ്മാണമാണ് ഇഴഞ്ഞ് നീങ്ങുന്നത്. അറുപറക്കോണം വെട്ടിലിക്കോണത്തെ കെ.ഐ.പി ഭൂമിയിൽ നിന്ന് അനുവദിച്ച 20 സെന്റിലാണ് കെട്ടിടം പണിയുന്നത്. എം.എൽ.എ ആയിരുന്ന പി. ഐഷാപോറ്റിയുടെ ഇടപെടലിലാണ് ഭൂമി അനുവദിച്ചത്.

ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. ഈ വർഷമെങ്കിലും പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമോ എന്നതാണ് പ്രധാന ചോദ്യം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് നിർമ്മാണം ഇഴഞ്ഞ് നീങ്ങാൻ കാരണം.

വാടക കെട്ടിടത്തിൽ മാറി മാറി

1987ൽ മുഖ്യമന്ത്രിയായിരുന്ന ഇ. കെ.നായനാരാണ് എഴുകോൺ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഇതിനകം രണ്ട് വാടക കെട്ടിടങ്ങൾ മാറി. അര നൂറ്റാണ്ടിലധികം പഴക്കമുള്ള വാടക കെട്ടിടത്തിലാണ് ഇപ്പോൾ സ്‌റ്റേഷൻ. പഴയൊരു വീടാണിത്.

പാമ്പ് മുതൽ മരപ്പട്ടി വരെ

സ്ഥല പരിമിതി അലട്ടുന്ന ഇവിടെ പാമ്പ് മുതൽ മരപ്പട്ടി വരെ ശല്യമാകുന്നുണ്ട്. സി.ഐ ഓഫീസ് കൂടി ഇവിടേക്ക് മാറിയതോടെ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ, വസ്ത്രം മാറാനോ, മതിയായ സൗകര്യമില്ലാത്ത സ്ഥിതിയാണ്.

ഒരു സി.ഐ, രണ്ട് എസ്.ഐമാർ, മൂന്ന് എ.എസ്.ഐമാർ, 9 സീനിയർ സിവിൽ ഓഫീസർമാർ, 24 സിവിൽ ഓഫീസർമാർ, 4 വനിതാ സി.പി.ഒമാർ എന്നിങ്ങനെയാണ് ഇവിടെ ജോലി ചെയ്യുന്നത്.

ആധുനിക സൗകര്യങ്ങൾ

വിശ്രമ മുറികൾ, ഭക്ഷണശാല, ശുചിമുറി, പ്രഥമ ശുശ്രൂഷ മുറി, മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം, എസ്. എച്ച്.ഒ. , എസ്.ഐ ക്യാബിനുകൾ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്ജൻഡർ എന്നിവർക്കുള്ള ലോക്കപ്പുകൾ, സി.സി.ടി.വി., വയർലെസ് , സന്ദർശക മുറികൾ എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.