കൊല്ലം: ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്ത് പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് അന്തരിച്ച ചലച്ചിത്ര താരം കനകലതയ്ക്ക് (63) കൊല്ലവുമായി അഭേദ്യമായ ബന്ധമാണുള്ളത്.
നാടകത്തിലും സിനിമയിലുമായി 350ഓളം സിനിമയിൽ അഭിനയിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ അഭിനേത്രിയാണ് കനകലത. 1960 ആഗസ്റ്റ് 24ന് ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് കനകലത ജനിച്ചത്. കൊല്ലം ഗവ. ഗേൾസ് ഹൈസ്‌ക്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
നാടക കളരിയായ കൊല്ലത്ത് നിന്നാണ് സിനിമയുടെ അഭ്രപാളികളിലേക്ക് കനകലത എത്തുന്നത്. സ്‌കൂൾ പഠനകാലയളവിൽ ഓച്ചിറയിൽ നിന്ന് ആശ്രാമത്തേക്ക് താമസം മാറ്റി. ഇവിടെ താമസിക്കുമ്പോൾ ഉളിയക്കോവിൽ ക്ഷേത്ര ഉത്സവത്തിന് അരങ്ങേറിയ, ക്രിസ്തുരാജ് സ്‌കൂൾ അദ്ധ്യാപകനായിരുന്ന കോട്ടപ്പുറം ജോയി രചിച്ച 'വാട്ടർ ലൂ' നാടകത്തിലൂടെയാണ് കനകലത ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. എ.കെ തിയറ്റേഴ്സിൽ നടിയായി തിളങ്ങിയ ശേഷം കാളിദാസ കലാകേന്ദ്രത്തിലും അഭിനേത്രിയായി തിളങ്ങി.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്. നാടകത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ കനകലതയുടെ സുഹൃത്തായ ആശ്രാമം ഭാസിയാണ് സിനിമയിലേക്കെത്തിക്കുന്നത്. സിനിമയിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയതോടെ പ്രവർത്തനമേഖല തിരുവനന്തപുരത്തേക്ക് മാറ്റി. അഭിനയിച്ച ആദ്യ സിനിമ തിയേറ്ററിലെത്തിയില്ലെങ്കിലും പിന്നീട് അഭിനയിച്ച ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചില്ലിലെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി. മോഹൻലാലിന്റെ കരിയർബെസ്റ്റ് ചിത്രമായ രാജാവിന്റെ മകൻ,ചെങ്കോൽ, സ്ഫടികം, മമ്മൂട്ടിയുടെ കൗരവർ, ജാഗ്രത, കുഞ്ചാക്കോബോബന്റെ സൂപ്പർഹിറ്റ് ചിത്രമായ അനിയത്തി പ്രാവ്, പ്രിയം, തുടങ്ങി നിരവധി സിനിമകളിലും ജനപ്രിയ സീരിയലുകളിലും വേഷമിട്ടു.
2021മുതലാണ് പാർക്കിൻസൺരോഗത്തിന്റെയും മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പൂക്കാലം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. 16 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ കനകലത ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയിരുന്നു. മക്കളില്ല.