കഴുതുരുട്ടി : കല്ലടയാറിന്റെ പ്രധാന ശാഖയായ കഴുതുരുട്ടിയാർ വറ്റിവരണ്ടു. അടിത്തട്ട് തെളിഞ്ഞു. ഇതോടെ ഇടപ്പാളയം കുളിക്കടവിനെ മുഖ്യ സ്രോതസായി ആശ്രയിച്ചിരുന്ന തീരത്തുള്ളവർ ദുരിതത്തിലായി. കുളിക്കാനും നനയ്‌ക്കാനും ഗാർഹിക ആവശ്യങ്ങൾക്കും കഴുതുരുട്ടി ആറിനെ ആശ്രയിച്ചിരുന്നത് പ്രധാനമായും കുളിക്കടവിന്റെ സമീപത്തുള്ള കോളനി നിവാസികളാണ്.

കുടിവെള്ള വിതരണം പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ പിക്‌അപ്പ് വാനിൽ നടക്കുന്നുണ്ടെങ്കിലും ഇതര ആവശ്യങ്ങൾക്ക് കഴുതുരുട്ടി ജലാശയത്തെ ആശ്രയിച്ചിരുന്നവർ വേനൽമഴയിൽ കണ്ണും നട്ടിരുപ്പാണ്.

പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണവും നിലച്ചു. പഞ്ചായത്തിന്റെ ജലവിതരണവും സ്ഥിരമായി ആശ്രയിക്കാനാകുന്നില്ല. വരണ്ടു കിടക്കുന്ന ആറ്റുമണൽ പരപ്പ് ഒരടിയോളം മാന്തി ഊറ്റുകുഴിയുണ്ടാക്കുമ്പോൾ ലഭിക്കുന്നത് ചേറു കലർന്ന വെള്ളമാണെങ്കിലും വേറെ മാർഗമില്ലാത്തതിനാൽ ഉപയോഗിക്കുന്നു. ദൂരെ ജോലിക്കു പോയി മടങ്ങുന്നവർ ഇടമൺ,​ ഒറ്റക്കൽ,​ഭാഗങ്ങളിലെ കനാലുകളിൽ കുളികഴിഞ്ഞു മടങ്ങുന്നു.

പ്രദീപ് മിൽട്ടൺ

തീരവാസി,​ സ്‌റ്റേജ് കലാകാരൻ

അടുത്തുള്ള ചില വീടുകളിലെ കിണറുകളിൽ പോയി വെള്ളമെടുക്കും. കൂടാതെ മണൽപ്പരപ്പിൽ ഓലി കുത്തി ഗാർഹിക ആവശ്യങ്ങൾക്കുള്ള വെള്ളം കണ്ടെത്തുന്നു.

വി.രാജലക്ഷമി

സി.ഡി.എസ് അകൗണ്ടന്റ് ആര്യങ്കാവ്.

തെന്മല അണക്കെട്ടിൽ നിന്ന് ഇക്കുറി കൃഷിക്കും മറ്റും വലിയ തോതിൽ ജലവിതരണമുണ്ടായി. അത് കല്ലടയാറിനെയും ബാധിച്ചിട്ടുണ്ട്. ഏകദേശം മൂന്നു മാസമായി ജലം ഒഴുക്കി വിടുന്നുണ്ട്.എങ്കിലും കഴിഞ്ഞ തവണ ഈ സമയം 96 മീറ്റർ ഉയരത്തിൽ വെള്ളമുണ്ടായിരുന്നെങ്കിൽ ഇക്കുറി അത് 99 മീറ്റർ എന്ന മെച്ചപ്പെട്ട നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഥവാ കാലവർഷം വൈകിയാലും ജൂൺ 15 വരെ പിടിച്ചു നിൽക്കാനുള്ള വെള്ളം അണക്കെട്ടിലുണ്ട്. പൊതുവിൽ ഈ വർഷത്തെ വരൾച്ച ഏറ്റവും രൂക്ഷമായി ബാധിച്ചത് തെന്മല ആര്യങ്കാവ് ഭാഗങ്ങളെയാണ്. അതാണ് ജലാശയങ്ങളും വറ്രിവരളാൻ കാരണമായത്.

തെന്മല ഡാം അധികൃതർ