കൊല്ലം: വേനൽ കടുത്തതി​ന്റെ അസ്വസ്ഥതയും വേണ്ടത്ര ഭക്ഷണം കി​ട്ടാത്തതും മൂലം നഗരത്തി​ൽ തെരുവുനായ ശല്യം അതി​രൂക്ഷമായി​. ആശ്രാമം മൈതാനത്തും ബീച്ചിലും വ്യായാമത്തി​ന് പോകുന്നവർ, പത്രം, പാൽവിതരണക്കാർ തുടങ്ങിയവരാണ് ഭീഷണി നേരിടുന്നത്. രാവിലെ ആരാധനാലയങ്ങളി​ലേക്ക് പോകുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിരവധിപേർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. പകൽസമയത്ത് പോലും തെരുവ് നായ്ക്കളെ ഭയന്ന് ജനങ്ങൾക്ക് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണി​പ്പോൾ.

പലേടത്തും തെരുവ് നായ്ക്കൾ കൂട്ടം കൂടി​യാണ് നി​ൽക്കുന്നത്. വേനലവധിയായതിനാൽ ഗ്രൗണ്ടുകളിലും റോഡ്‌ വശങ്ങളിലും കളിക്കാനി​റങ്ങുന്ന കുട്ടികൾക്ക് നേരേ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്നത് നിത്യ സംഭവമായി. നായ്ക്കളെ വന്ധ്യംകരിക്കാൻ സർക്കാർ ആവിഷ്‌കരി​ച്ച പദ്ധതി​കൾ ഫലപ്രദമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. എ.ബി.സി പദ്ധതി പ്രകാരം പിടിച്ചുകൊണ്ടു പോകുന്ന നായ്ക്കളെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നുണ്ടെന്നും പരാതി ഉയരുന്നു. മൈതാനത്ത് പകൽസമയത്ത് വിശ്രമിക്കാനെത്തുന്നവർക്ക് ഇരിപ്പിടങ്ങളിൽ ഇരിക്കാനാവാത്ത അവസ്ഥയാണ്. സന്ധ്യ കഴിഞ്ഞാൽ നഗരത്തിലെ പ്രധാന റോഡുകൾ പലതും തെരുവ് നായ്ക്ക്ളുടെ താവളമാകും. മാലിന്യങ്ങൾ വഴിയോരങ്ങളിൽ തള്ളുന്നതും നായ ശല്ല്യം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഹൈസ്‌കൂൾ ജംഗഷൻ, ചിന്നക്കട പോസ്റ്റ് ഓഫീസ് പരിസരം, ഉഷ തീയറ്ററിന് മുൻവശം, കടവൂർ ജംഗ്ഷൻ, പെരുമൺ റെയിൽവേക്രോസ്, ക്യു.എ.സി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ നായ്കൾ അലക്ഷ്യമായി നടക്കുന്നത്. വീട്ടിൽ വളർത്തുന്ന നായ്ക്കളെയും വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്.

രാത്രി​യാത്ര ഭീതി​ദം


റോഡരികിൽ തങ്ങുന്ന നായ്ക്കൾ രാത്രി​യി​ൽ ഇരുചക്ര വാഹന യാത്രി​കരുടെ മുന്നിലേക്ക് ചാടുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളിൽ ഇരുചക്രവാഹനയാത്രക്കാർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടാവുന്നത്. തെരുവ് നായ ശല്ല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നഗരവാസി​കൾ ആരോപി​ക്കുന്നു. തെരുവ് നായ ശല്ല്യം ഒഴിവാക്ക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും വന്ധ്യംകരണമുൾപ്പെടെയുള്ളനടപടികൾ കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യങ്ങൾ സജീവമാവുകയാണ്.