photo
കുളവാഴകൾ മൂടിക്കിടക്കുന്ന കല്ലുകടവ് കായൽ

കരുനാഗപ്പള്ളി: കായൽ പരപ്പിൽ വ്യാപിച്ച് കിടക്കുന്ന കുളവാഴകൾ ഇടക്കനാൽ ടൂറിസത്തിന് തടസമാകുന്നു. കല്ലുകടവ് കായലിന്റെ മേൽപ്പരപ്പ് പൂർണമായും കുളവാഴ മൂടിക്കിടക്കുകയാണ്. കുളവാഴയുടെ വേരുകൾ കായലിന്റെ അടിത്തട്ടിലേക്ക് നീണ്ട് കിടക്കുന്നതിനാൽ കായലിലെ ഒഴുക്കിനെ തടസപ്പെടുത്തുന്നു.

കായലിൽ അടിഞ്ഞ് കൂടി

ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള കന്നേറ്റി ബോട്ട് ടെർമിനലിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യാറുണ്ട്. തേവർകാവ്,ക്ഷേത്രം കൊതുമുക്ക് വട്ടക്കായൽ, ആലുംകടവ് ഗ്രീൻചാനൽ, വള്ളിക്കാവ് അമൃതപുരി, അഴീക്കൽ ബീച്ച്, കാട്ടിൽമേക്കതിൽ ക്ഷേത്രം, ചാമ്പക്കടവ്, കല്ലുകടവ് കായൽ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. പള്ളിക്കലാറിന്റെ ഭാഗമായ കല്ലുകടവ് കായലിലേക്ക് യാത്ര തിരിക്കുന്ന വിനോദ സഞ്ചാരികൾക്ക് ചാമ്പക്കടവ് വരെ മാത്രമേ പോകാൻ കഴിയുകയുള്ളു.കല്ലുകടവ് കായലിൽ അടിഞ്ഞ് കൂടിയ കുളവാഴകൾ നീക്കം ചെയ്തെങ്കിൽ മാത്രമേ ഇതു വഴിയുള്ള സഞ്ചാരം സാദ്ധ്യമാവുകയുള്ളു.

തൊടിയൂർ പഞ്ചായത്ത് ഇടപെടണം

തൊടിയൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കായലാണിത്. ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് കുളവാഴകൾ നീക്കം ചെയ്യണം. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി, തൊടിയൂർ, ആലപ്പാട്, പന്മന എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് കന്നേറ്റി വിനോദ സഞ്ചാര സെന്ററിന്റെ പരിധിയിൽ വരുന്നത്. കന്നേറ്റി കായലിൽ കുളവാഴകൾ അടിഞ്ഞ് കൂടിയപ്പോൾ മുൻസിപ്പാലിറ്റി തൊഴിലാളികളെ ഉപയോഗിച്ച് കനാൽ വൃത്തിയാക്കി. കല്ലുകടവ് കായലിൽ ഉപ്പ് വെള്ളം എത്തപ്പെടാത്തതു കൊണ്ടാണ് കുളവാഴകൾ നശിക്കാത്തത്. ഉപ്പ് വെള്ളം എത്തിയാൽ കുളവാഴ അഴുകിപ്പോകും. കടലിൽ നിന്നുള്ള വേലിയേറ്റത്തിന്റെ ശക്തി കുറവായതിനാലാണ് കല്ലുകടവ് കായലിൽ ഉപ്പുവെള്ളം എത്താത്തതെന്ന് നാട്ടുകാർ പറയുന്നു.

കല്ലുകടവ് കായലിലൂടെയുള്ള വിനോദ സഞ്ചാരം സാദ്ധ്യമാകണമെങ്കിൽ കായലിൽ അടിഞ്ഞ് കൂടിയ കുളവാഴകൾ നീക്കം ചെയ്യണം. ഇതിന് തൊടിയൂർ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം.

വിനോദ സഞ്ചാരികൾ