murder

കൊല്ലം: പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂതക്കുളം തെങ്ങിൽ വീട്ടിൽ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗ് (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രീതയുടെ ഭർത്താവ് ശ്രീജിത്ത് (50, ശ്രീജു) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കടബാദ്ധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാവിലെ എട്ടുമണിയായിട്ടും ആശുപത്രിയിൽ പോകാനിരുന്ന സഹോദരിയെ കാണാത്തതിനെ തുടർന്ന് വീടിനു സമീപം താമസിക്കുന്ന പ്രീതയുടെ സഹോദരൻ പ്രമോദ് വീടിന് പിന്നിലെ ജനലിൽ കൂടി നോക്കിയപ്പോഴാണ് നിലത്ത് രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടത്. തുടർന്ന് സമീപവാസികളെ വിവരം അറിയിച്ച് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സ്വീകരണമുറിയിലും കിടപ്പുമുറിയിലുമായി നാലുപേരെയും കണ്ടെത്തിയത്.

പ്രീതയും ശ്രീനന്ദയും ചലനമറ്റ നിലയിലായിരുന്നു.

ശ്രീജു കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. ഹാളിലും അടുക്കളയിലും രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു. പ്രീതയുടെയും മകളുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രീതയുടെ അച്ഛൻ മോഹനൻ ഇതേ വീടിനോടു ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. രാവിലത്തെ ബഹളം കേട്ടാണ് മോഹനൻ ഉണർന്നത്. വീടിനുള്ളിൽ നിന്ന് മൂന്ന് കത്തികൾ കണ്ടെത്തി. ശ്രീജു പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രീത പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. ശ്രീനന്ദ എട്ടാംക്ലാസ് വിദ്യാർത്ഥിനിയും ശ്രീരാഗ് പ്ലസ്ടു വിദ്യാർത്ഥിയുമാണ്. വീടിനോടു ചേർന്ന് ചെറിയ തുണിക്കടയും ഫാൻസി ഷോപ്പും ഇവർ നടത്തിയിരുന്നു. ശ്രീജു മേസ്തിരിപ്പണിക്കാരനാണ്. കടബാദ്ധ്യതയെക്കുറിച്ച് അറിയില്ലെന്നും തിങ്കളാഴ്ച വൈകിട്ട് ബാങ്കിലെത്തി കളക്ഷൻ തുക അടച്ചിരുന്നെന്നും രാത്രിയിലും പ്രീതയുമായി സംസാരിച്ചിരുന്നെന്നും ബാങ്ക് അധികൃതരും ബന്ധുക്കളും പറഞ്ഞു.
ഫോറൻസിക്‌ സംഘം തെളിവുകൾ ശേഖരിച്ചു. ചാത്തന്നൂർ എ.സി.പി ബിജു വി.നായരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പൊലീസ് വീട് സീൽ ചെയ്തു.