ഓയൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരിങ്ങന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണപിള്ളയുടെ ഭാര്യ അജിതകുമാരിക്കാണ് (59) സാരമായി പരിക്കേറ്റത്.
രാവിലെ വെളിനല്ലൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു. തിരികെ ഓയൂരിലേയ്ക്ക് വരുന്നതിനിടെ കൊട്ടാരക്കര - പാരിപ്പള്ളി ബസിൽ നിന്നാണ് പുറത്തേയ്ക്ക് തെറിച്ചുവീണത്. ബസ് വളവ് തിരിയുന്നതിനിടെ അപ്രതീക്ഷിതമായി ഡോർ തുറക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ അജിതകുമാരിയെ ഉടൻ വെളിനല്ലൂർ സി.എച്ച്.സിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.