കൊല്ലം: ഒരു കതകിനപ്പുറം മകളും കൊച്ചുമക്കളും ജീവനുവേണ്ടി പിടയുമ്പോൾ ഇതൊന്നുമറിയാതെ പ്രീതയുടെ അച്ഛൻ മോഹനൻപിള്ള.
പ്രീതയുടെ വീടിനോട് ചേർന്നുള്ള മുറിയിലാണ് മോഹനൻപിള്ള താമസിച്ചിരുന്നത്. ഇദ്ദേഹം പോകുന്നതും വരുന്നതുമെല്ലാം മുന്നിലെ വാതിൽ വഴിയാണ്. അതിനാൽ വീട്ടിലുള്ളവർ ഇദ്ദേഹത്തിന്റെ വരവും പോക്കും അറിയാറില്ല.
കൂലിപ്പണിക്കാരനായ മോഹനൻപിള്ള പതിവുപോലെ ഇന്നലെ രാവിലെയും വീടിനടുത്തുള്ള ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ഏഴോടെ ജോലിക്ക് പോയി. പുറത്തേക്ക് പോകാൻ ഇറങ്ങും മുന്നേ വീട്ടിനുള്ളിൽ നിന്ന് പ്രീതയുടെ ശബ്ദം കേട്ടിരുന്നതായി മോഹനൻപിള്ള പറഞ്ഞു. മോഹനൻപിള്ള പോയശേഷമാകാം ശ്രീജു അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
പകുതിവഴി എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ടവർ മരിച്ചുവെന്ന വാർത്ത അറിയുന്നത്. ഓടിയെത്തിയെങ്കിലും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കാഴ്ചകൾ. ശ്രീനന്ദയുടെ മൃതദേഹം കണ്ടതോടെ മോഹനൻ പിള്ള തളർന്നുവീണു. കൊച്ചുമകന്റെ 18-ാം പിറന്നാൾ ദിനം കൂടിയായിരുന്നു ഇന്നലെ.
മൂന്ന് മക്കളാണ് മോഹനൻ പിള്ളയ്ക്ക് ഉണ്ടായിരുന്നത്. ഭാര്യയും രണ്ടാമത്തെ മകനും വർഷങ്ങൾക്ക് മുന്നേ മരിച്ചു. ഇളയ മകളാണ് പ്രീത.