ഓടനാവട്ടം: രണ്ട് വർഷം തികയുന്നില്ല, ഒരുകോടിയിലേറെ രൂപ ചെലവാക്കി നവീകരിച്ച ഉമ്മന്നൂർ പഞ്ചായത്തിലെ അമ്പലക്കര വഴിക്കുള്ള പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി. ഉമ്മന്നൂർ - അമ്പലക്കര റോഡിൽ മാവിളറോഡാണ് തകർന്നത്. റോഡിന്റെ പലഭാഗങ്ങളും മെറ്റിലിളകി കുണ്ടും കുഴികളുമായി കിടക്കുകയാണ്. വാളകം, പനവേലി റോഡിലേയ്ക്ക് എത്താനുള്ള പ്രധാന എളുപ്പ മാർഗമാണ് ഈ റോഡ്. മാവിളയിറക്കത്തിലാണ് ഏറ്റവും അപകടകരമായ നിലയിൽ തകർന്നു കിടക്കുന്നത്. ഇതുവഴി പോകുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പടുന്നത് പതിവായി.
റോഡ് ശരിയാക്കാൻ ഫണ്ടില്ല
പഞ്ചായത്തിന്റെ മരാമത്തു വകുപ്പിൽ പരാതിപെട്ടപ്പോഴെല്ലാം ഫണ്ടില്ല എന്നാണ് മറുപടി. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു മുന്നോട്ടു പോവുകയാണ്. റോഡ് നിർമ്മാണത്തിൽ വരുത്തിയ പാകപിഴയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്തർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നുമാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.
റോഡിന്റെ ആശാസ്ത്രീയ നിർമ്മാണമാണ് തകർച്ചക്ക് കാരണം. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിക്കണം. എത്രയും പെട്ടന്ന് ടെണ്ടർ നൽകി റോഡ് ഗതാഗതയോഗ്യമാക്കണം.
മുരളിമോൻ ശശി
(പ്രദേശവാസി, ആക്ഷൻ കൗൺസിൽ അംഗം )
കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്
.