photo
മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്ന കരുനാഗപ്പള്ളി ചന്തക്കായൽ

കരുനാഗപ്പള്ളി: നഗരത്തിലെ പ്രധാന ജലസ്രോതസായ ചന്തക്കായൽ മാലിന്യ കേന്ദ്രമാകുന്നു. മുന്നൂറ് ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന ചന്തക്കായലിലേക്ക് രാത്രിയുടെ മറവിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് കൊണ്ടുവന്ന് തള്ളുന്നത്. ഇവിടെ ജനവാസമേഖലയല്ലാത്തതിനാൽ വാഹനങ്ങളിൽ കൊണ്ടു വരുന്ന മാലിന്യങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ തള്ളാൻ കഴിയും. സി.സി.ടി.വി കാമറ ഇല്ലാത്തതിനാൽ ഫോട്ടോ പതിയുകയുമില്ല. കായലിന്റെ കരഭാഗം മാലിന്യംകൊണ്ട് നികന്ന് തുടങ്ങി. തെരുവ് നായ്ക്കൾക്ക് മാലിന്യത്തിന് മീതേ കൂടി കായലിലേക്ക് നടക്കാൻ കഴിയുന്ന സ്ഥിതിയാണ്.

മാലിന്യങ്ങളിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധം അസഹനീയമാണ്.

ചരക്ക് ഗതാഗതം കായലിന്റെ മുഖം മാറ്റും

കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത യാഥാർത്ഥ്യമാകുന്നതൊടെ ചന്തക്കായലിന്റെ പ്രസക്തി ഏറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദേശീയജലപാതയുടെ ഫീഡർ കനാലായി മാറുന്ന പള്ളിക്കലാറിനോട് ചേർന്നാണ് ചന്തക്കായൽ കിടക്കുന്നത്. ദേശീയപാത വഴിയുള്ള ചരക്ക് ഗതാഗതം ശക്തപ്പെടുന്നതോടെ കരുനാഗപ്പള്ളിയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള ചരക്കുകൾ ചന്തക്കടവിൽ എത്തിച്ച് ഇവിടെ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകാൻ കഴിയും. അതോടെ കരുനാഗപ്പള്ളിയുടെ വ്യാപാര മേഖലയിൽ വൻ കുതിപ്പിന് വഴി തെളിക്കും.

പഴയ പ്രതാപം വീണ്ടെടുക്കാൻ

മൂന്ന്പതിറ്റാണ്ടിന് മുമ്പ് വരെ കരുനാഗപ്പള്ളിയുടെ പ്രധാന വ്യാപര കേന്ദ്രമായിരുന്നു ചന്തക്കായൽ. കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് കേവ് വള്ളങ്ങളിൽ ചരക്ക് കൊണ്ട് വന്ന് ഇറക്കുന്നത് ചന്തക്കായലിൽ ആയിരുന്നു. കടവ് 24 മണിക്കൂറും സജീവമായിരുന്നു. ചരക്കുകൾ വാഹനങ്ങളിൽ എത്താൻ തുടങ്ങിയതോടെയാണ് ചന്തക്കായലിന്റെ ശനിദശ ആരംഭിക്കുന്നത്. ചന്തക്കായലിന് നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കരുനാഗപ്പള്ളി നഗരസഭാ അധികൃതർ ചന്തക്കായൽ സംരക്ഷിക്കുതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും കടവിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുകയും വേണം.

നാട്ടുകാർ