പടിഞ്ഞാറെകല്ലട: കൊല്ലം ജില്ലാ ആശുപത്രിയിൽ വച്ച് മരണപ്പെട്ട 54കാരൻ സലീമിന്റെ മൃതദേഹം അഞ്ച് മാസമായിട്ടും ഏറ്റെടുക്കാനാരുമെത്തിയില്ല. ഒടുവിൽ മരണാനന്തര കർമ്മങ്ങൾ ചെയ്ത് ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ. കഴിഞ്ഞ ഏഴ് വർഷമായി ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭി (53)യാണ് ആ സത്ക‌ർമ്മത്തിന് സാക്ഷിയായത്. കഴിഞ്ഞ ഡിസംബറിൽ സുരഭിയുടെ അച്ഛന് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്താണ് റോഡിൽ സുഖമില്ലാതെ കിടന്ന സലീമിനെ പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സുരഭിയുടെ അച്ഛന്റെ കിടക്കയുടെ തൊട്ടടുത്തുള്ള കിടക്കയിലാണ് സലീമിനെയും കിടത്തിയിരുന്നത്. എല്ലാദിവസവും അച്ഛനെ കാണുവാനും ഭക്ഷണം കൊടുക്കുവാനും പോകുന്ന അവസരത്തിൽ സലീമിനും സുരഭി ഭക്ഷണം കരുതി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം സലിം മരിച്ചു. മൃതദേഹം ഏറ്റുവാങ്ങുവാൻ ആരും എത്താത്തതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. അന്ന് പൊലീസ് സർജനോട് അവകാശികൾ ആരും തന്നെ എത്തിയില്ലെങ്കിൽ സലീമിന് മതാചാരപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ ചെയ്യുവാൻ തനിക്ക് അവസരം തരണമെന്ന് സുരഭി ആവശ്യപ്പെട്ടു . കഴിഞ്ഞ അഞ്ചുമാസമായി ആരും എത്തിയില്ല.കഴിഞ്ഞദിവസം സലീമിന്റെ മൃതദേഹം കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ കുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ സർക്കാർ ഉത്തരവായി. എന്നാൽ സുരഭി കൊല്ലം ജുമാ മസ്ജിദിൽ നിന്ന് ഉസ്താദുമാരെ വരുത്തി മൂവായിരം രൂപയോളം ചെലവാക്കി മരണാനന്തര കർമ്മങ്ങൾ ചെയ്ത ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊല്ലം ബിഷപ്പ് ഹൗസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ട്രാക്കിന്റെയും ഈ വർഷത്തെ മികച്ച സേവനം കാഴ്ചവച്ച നഴ്സിനുള്ള അവാർഡ് സുരഭി മോഹൻ കരസ്ഥമാക്കിയിട്ടുണ്ട്. പടിഞ്ഞാറേ കല്ലട കോതപുരം ആവണി നിലയത്തിൽ റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ മോഹനാണ് ഭർത്താവ്. മക്കൾ: ആവണി മോഹൻ നൃത്തഅദ്ധ്യാപികയാണ്. അൽക്ക മോഹൻ കൊല്ലംജില്ലാ ആശുപത്രിയിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയും.