photo

പുനലൂർ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുതിയതായി പണികഴിപ്പിച്ച മുക്കടവിലെ ബോസ്ട്രിംഗ് പാലത്തിന് ചായം പൂശി മനോഹരമാക്കുകയാണ്. മുക്കടവിലെ പഴയ പാലം കാലപ്പഴക്കത്തെ തുടർന്ന് നാശത്തിലേക്ക് നീങ്ങിയതോടെ കെ.എസ്.ടി.പി മുൻ കൈയെടുത്ത് ആറ് മാസം മുമ്പാണ് പുതിയ ബോസ്ട്രിംഗ് പാലം നിർമ്മിച്ചത്. എന്നാൽ ടെണ്ടർ നടപടികളിൽ പാലം ചായം പൂശി നൽകണമെന്ന് വ്യവസ്ഥയില്ലെങ്കിലും ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങളെ തുടർന്നാണ് പെയിന്റ് അടിച്ച് പാലം മോടി പിടിപ്പിക്കുന്ന പ്രവർത്തികൾ ആരംഭിച്ചത്. പാലത്തിലെ ചെറിയ സുഷിരങ്ങളിൽ പുട്ടിയിട്ട് അടച്ച ശേഷം പ്രൈമർ അടിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ ആരംഭിച്ചത്. ഇത് പൂർത്തിയാക്കിയ ശേഷം ചായം പൂശുന്ന ജോലികൾ ആരംഭിച്ച് പാലം മനോഹരമാക്കും.

കമാന ആകൃതി

ബോസ്ട്രിംഗ് കൈവരികൾ

50 മീറ്റർ നീളം 12 മീറ്റർ വീതി

സംസ്ഥാന പാതയുടെ നവീകരണം 200കോടി

ക്രാഷ്ബാരിയർ സ്ഥാപിക്കണം

തെക്കൻ കേരളത്തിൽ റാന്നി പാലത്തിലും പെരിനാട് പാലത്തിലുമാണ് നിലവിൽ ബോസ്ട്രിംഗ് കൈവരികൾ ഉള്ളത്. പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കിലോ മീറ്ററിൽ ഉൾപ്പെടുന്നതാണ് മുക്കടവിലെ ബോസ്ട്രിംഗ് പാലം. പത്തനാപുരത്തെ കല്ലുംകടവിലാണ് നിർമ്മാണം പൂർത്തിയാക്കിയ മറ്റൊരു പാലമുള്ളത്. പുനലൂർ-മൂവാറ്റുപുഴ പാതയിലെ അവസാന റീച്ചിലാണ് മുക്കടവിലെ പാലവും പഴയ പാലവും. പാലങ്ങൾക്കിടയിൽ തുറസായി കിടക്കുന്ന ഭാഗത്ത് ക്രാഷ്ബാരിയർ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. രണ്ടര വർഷം മുമ്പ് 200കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണ ജോലികൾ ആരംഭിച്ചത്. എന്നാൽ പാതയോരങ്ങൾ വൃത്തിയാക്കുന്നതടക്കം നിരവധി പണികൾ ഇപ്പോഴും പൂർത്തിയാക്കാനുണ്ട്.