ചാത്തന്നൂർ: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന കേസി​ലെ പ്രതി, തിരുവനന്തപുരം മെഡി. ആശുപത്രി​യി​ൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായി​രുന്ന പൂതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീജു എന്ന സജിത്തിനെ ഡിസ്ചാർജ്ജ് ചെയ്തു.

ഇയാളുടെ ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരാണ്കൊല്ലപ്പെട്ടത്. മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീരാഗിന് അടിയന്തിര ശസ്ത്രക്രിയ നടത്തി.

പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹം ഇന്നലെ രാവിലെ പത്തരയോടെ വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകൾ ആദരാഞ്ജലി​ അർപ്പി​ക്കാൻ എത്തിയിരുന്നു. 11ന് ഇരുവരുടെയും സംസ്കാരം നടത്തി. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷമാണ് കഴുത്തറുത്തതെന്ന് പൊലീസ് സംശയിക്കുന്നു. ഡിസ്ചാർജ്ജായ ശ്രീജുവിനെ പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.

ചോദ്യം ചെയ്യലും വിശദമായ മൊഴി രേഖപ്പെടുത്തലും കഴിഞ്ഞിട്ട് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചാത്തന്നൂർ എ.സി.പി ബൈജു വി.നായർ പറഞ്ഞു.

സാമ്പത്തിക ബാദ്ധ്യതയും പ്രീതയുടെ രോഗവുമാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നതെന്ന് പരവൂർ എസ്.എച്ച്.ഒ പ്രമോദ് കുമാർ പറഞ്ഞു. ശ്രീജു 10 വർഷത്തോളം വിദേശത്തായിരുന്നു. നാട്ടിലെത്തിയ ശേഷം കെട്ടിട നിർമ്മാണതൊഴിലാളിയായി. പ്രീത പുതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. ഒരു തുണിക്കടയും നടത്തുന്നുണ്ട്.