കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ നൂറുമേനി വിജയത്തിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും എയ്ഡഡ് സ്കൂളുകൾ മുന്നിൽ.
വിവിധ സ്കൂളുകളിലായി 18,686 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 15,595 പേരും ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണവും എയ്ഡഡ് മേഖലയിലാണ് കൂടുതൽ. 4157 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
81 എയ്ഡഡ് സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. 57 സർക്കാർ സ്കൂളുകളും സമ്പൂർണ വിജയം നേടി. സമീപകാലത്ത് സർക്കാർ സ്കൂളുകളിലേത് പോലെ എയ്ഡഡ് സ്കൂളുകളിലും ഉണ്ടായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആത്മാർത്ഥമായ അക്കാഡമിക് പ്രവർത്തനങ്ങളുമാണ് മികച്ച വിജയത്തിന് പിന്നിൽ. ട്യൂഷന് പോകാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്കായി പരീക്ഷയോട് അടുത്ത സമയങ്ങളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൈറ്റ് ക്ലാസുകൾ പല പൊതുവിദ്യാലയങ്ങളിലും സംഘടിപ്പിച്ചിരുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും അദ്ധ്യയന വർഷത്തിന്റെ ആരംഭം മുതൽ നൽകിയിരുന്നു.