chjattat

പന്മന: ലോകത്തിന് ആവശ്യമായ ജീവകാരുണ്യ ദർശനവും സ്ത്രീസമത്വദർശനവും അവതരിപ്പിച്ച ചട്ടമ്പിസ്വാമി വിശ്വ മഹാഗുരുവാണെന്ന് മുംബയ് ശ്രീ രാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു. ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുബ്രഹ്മം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുസങ്കല്പത്തെ വണങ്ങി മാത്രമേ മനുഷ്യന് ഉയരാൻ കഴിയൂ. ചട്ടമ്പിസ്വാമിയുടെ ആശയങ്ങൾ അർഹമായ രീതിയിൽ പ്രചരിപ്പിക്കാൻ എല്ലാ സനാതനധർമവിശ്വാസികളുടെ ഭാഗത്തു നിന്നും വലിയ ശ്രമങ്ങൾ ഉണ്ടാകണമെന്നും കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു.

സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ. ധർമ്മാനന്ദൻ, ബാലപ്രജാപതി അഡികാളർ, കുമ്മനം രാജശേഖരൻ,ഡോ. എം.എം.ഉണ്ണിക്കൃഷ്ണൻ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, എ.ആർ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി, ചട്ടമ്പിസ്വാമി സമാധി​ പ്രാപി​ച്ച പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ. എച്ച്.എസ്.എസ് പരിസരത്തുള്ള സമാധി സ്മാരക മണ്ഡപത്തിൽ നിന്നു താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി 'മഹാസമാധി ജ്യോതിരാനയനം' സമാധി പീഠത്തിലേക്ക് ആനയിച്ചു. മഹാസമാധി ദിവ്യ മുഹൂർത്തത്തിൽ ജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേത പുഷ്പാഭിഷേകം തുടങ്ങിയ പൂജകളും നടന്നു.