കൊല്ലം: നഗരത്തിൽ പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ ആരോഗ്യവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കി മഴക്കാലപൂർവ ശുചീകരണം വിജയിപ്പിക്കുന്നതിന് മേയർ പ്രസന്ന ഏണസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനമായി.
55 ഡിവിഷനുകളിലും വാർഡ്തല സാനിട്ടേഷൻ കമ്മറ്റി ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് സ്‌കൂളുകളിൽ ഡ്രൈഡേ ആചരിക്കും. 11ന് എല്ലാ സ്ഥാപനങ്ങളിലും 12ന് കോർപ്പറേഷനിലെ മുഴുവൻ വീടുകളിലും ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, യുവജനസംഘടനകൾ എന്നിവരുടെ പങ്കാളിത്തതോടെ ഡ്രൈഡേ ആചരിക്കും.
ഇരവിപുരം മുതൽ അഷ്ടമുടി മൗത്ത് വരെയുള്ള കൊല്ലം തോടിൽ വള്ളം ഉപയോഗിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിന് സ്‌പ്രേയിംഗ് നടത്തും. പകർച്ച പനികൾക്കും മറ്റ് പകർച്ച വ്യാധികൾക്കും പ്രതിരോധ മരുന്ന് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ യു.പവിത്ര, എസ്.ജയൻ, സജീവ് സോമൻ, സുജകൃഷ്ണൻ, ജോയിന്റ് കോർപ്പറേഷൻ സെക്രട്ടറി, ശുചിത്വമിഷൻ ജില്ലാകോർഡിനേറ്റർ അനിൽ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.