കൊല്ലം: പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കൊലപ്പെടുത്തുകയും മകനെ കൊലപ്പെടുത്താൻ ശ്രമിക്കുയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജുവിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ശ്രീജുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇയാളെ വൈകിട്ട് 4ന് പരവൂർ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പരവൂരിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴുത്തിന് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, മകൻ ശ്രീരാഗ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ഐ.സി.യു.വിൽ നിന്ന് മുറിയിലേക്കു മാറ്റും. അമ്മയും സഹോദരിയും മരിച്ച വിവരം ശ്രീരാഗിനെ അറിയിച്ചിട്ടുണ്ട്. ചൊവാഴ്ച ശ്രീരാഗിന്റെ പിറന്നാളായിരുന്നു. ഇന്ന് ശ്രീരാഗിന്റെ പ്ലസ്ടു റിസൾട്ട് പ്രസിദ്ധീകരിക്കും. ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. ബന്ധുക്കളാണ് ശ്രീരാഗിന്റെ ഒപ്പമുള്ളത്.
പ്രീതയുടെയും ശ്രീനന്ദയുടെയും കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.