കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് എതിർവശത്തെ നടപ്പാതയിൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡിനെ അവഗണിച്ച് ഇരുചക്രവാഹനങ്ങൾ അനധികൃമായി പാർക്ക് ചെയ്യുന്നത് പതിവാകുന്നു. ഇത് കാരണം നടപ്പാതയിലൂടെ സഞ്ചരിക്കാനാതെ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയാണ് കാൽനടയാത്രക്കാർക്ക്.
നടപ്പാത കൈയേറി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്നാണ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടപ്പാതയിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ച ആദ്യ ദിവസങ്ങളിൽ നിമയംപാലിച്ചെങ്കിലും വീണ്ടു പഴയപടിയായി. നഗരത്തിലെ നടപ്പാതകളെല്ലാം നവീകരിച്ചുകൊണ്ടിരിക്കെയാണ് അവിടം 'പാർക്കിംഗ് ഏരിയകളാക്കി' കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെത്തുന്നവരും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെ നിരവധി പേരാണ് നടപ്പാത ഉപയോഗിക്കാനാകാതെ റോഡിലേക്കിറങ്ങി നടക്കുന്നത്. അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ഇവർക്ക് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. പിഴ ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിച്ചാൽ അനധികൃത പാർക്കിംഗ് കുറയുമെന്നാണ് കാൽനടയാത്രക്കാർ പറയുന്നത്.
സമയലാഭത്തിന് നടപ്പാതയിലെ പാർക്കിംഗ്
റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനുള്ളിൽ വാഹനം പാർക്ക് ചെയ്ത് ഫീസും നൽകി പ്ലാറ്റ് ഫോമിലേക്ക് ട്രെയിൻ കയറാനെടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് പലരും ഇരുചക്രവാഹനങ്ങൾ നടപ്പാതയിൽ പാർക്ക് ചെയ്യുന്നത്. സ്റ്റേഷനിലേക്കെത്തുന്നവക്ക് നടപ്പാതയിൽ വാഹനം പാർക്ക് ചെയ്ത ശേഷം രണ്ടാം കവാടത്തിലെ പടികൾ വഴി വേഗം പ്ലാറ്റ് ഫോമിലെത്താം.രണ്ടാം കവാടത്തിനുള്ളിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപയാണ് ഫീസ്. നിശ്ചിത സമയം കഴിയുംതോറും നിരക്ക് വർദ്ധിക്കും.
നടപ്പാതയിൽ പാർക്ക് ചെയ്താൽ ഫീസിൽ നിന്ന് രക്ഷരപെടാം എന്നുള്ളതും ആളുകളെ ഇവിടെ പാർക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നു.
നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത സംഭവം പരിശോധിക്കും. വഴിയരികിലും നടപ്പാതകളിലും പാർക്ക് ചെയ്ത് പോകുന്ന ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ മോഷ്ടാക്കളെ കണ്ടെത്തുന്നതും പ്രയാസമാകും. റെയിൽവേയുടെ അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം.
ട്രാഫിക്ക് പൊലീസ് അധികൃതർ