കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് എ.എക്സ്.ഇയെ ഉപരോധിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന എ.ഇക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്തു കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ, മുൻ പഞ്ചായത്ത് പ്രസി‌ഡന്റ് സത്യഭാമ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആർ.രതീഷ്, നേതാക്കളായ സഞ്ജു പുല്ലാമല, മെഹമ്മൂദ് അഹമ്മദ് , ജിതിൻ ഭാസി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. ബ്ളോക്ക് പഞ്ചായത്ത് എ.എക്സ്.ഇ യുമായി കൊട്ടാരക്കര പൊലീസ് നടത്തിയ ചർച്ചയിൽ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കാമെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാമെന്നും ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധ സമരം പിൻവലിച്ചു.