കൊല്ലം: സുഹൃത്തിന്റെ വ്യാജ ഒപ്പിട്ടു വാഹന വായ്‌പ എടുത്ത ശേഷം ഒളിവിൽ പോയ ആളെ 16 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. ഉളിയനാട് തേമ്പ്ര പുത്തൻവീട്ടിൽ പ്രസാദ് കുറുപ്പ് (മന്നൻ-61)ആണ് കർണാടകയിൽ നിന്നു പിടിലായത്.

കോളേജ് ജീവനക്കാരനായ സുഹൃത്തിന്റെ തിരിച്ചറിൽ രേഖകൾ കൈവശപ്പെടുത്തി അദ്ദേഹത്തിന്റെ പേരിൽ 5.40 ലക്ഷം രൂപ സ്വകാര്യ വാഹന വായ്‌പ കമ്പനിയിൽ നിന്നാണ് എടുത്തത്. തവണകൾ മുടങ്ങിയപ്പോൾ സുഹൃത്തിന്റെ ശമ്പളത്തിൽ നിന്നു തുക ഈടാക്കാൻ കമ്പനി നിയമപരമായി നടപടി സ്വീകരിച്ചപ്പോഴാണ് സുഹൃത്ത് വിവരം അറിയുന്നത്. 2008 ൽ നടന്ന സംഭവത്തിൽ ചാത്തന്നൂർ പാെലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടന്നെങ്കിലും പ്രതി ഒളിവിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്നു 2022ൽ ക്രൈംബ്രാ‌ഞ്ചിന് കേസ് കൈമാറി. ചാത്തന്നൂരിൽ ടിപ്പർ ലോറി ഉൾപ്പടെ നിരവധി വാഹനങ്ങളുടെ ഉടമയായിരുന്ന പ്രതി, ബിസിനസിൽ ബാദ്ധ്യതകൾ ഉണ്ടായതിനെ തുടർന്നു കർണാടകയിലെത്തി നിർമ്മാണ മേഖലയിൽ ഡ്രൈവറായി ജോലി ചെയ്യവേയാണ് അറസ്‌റ്റ് ചെയ്തത്. തട്ടിപ്പിൽ വാഹന കമ്പനിയിലെ ഒരു ജീവനക്കാരനെ പ്രതിയാക്കിയിരുന്നെങ്കിലും ഇയാൾക്ക് കോടതി മുൻകൂ‌ർ ജാമ്യം അനുവദിച്ചിരുന്നു. കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് എൻ. രാജന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഡിറ്റക്ടീവ് സബ് ഇൻസ്‌പെക്‌ടർമാരായ ഡി. ഷാജി, എ. മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.