t

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി​യി​ൽ ഡോ. വന്ദനാദാസ് ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തി​കയുന്നു. ഒരാണ്ട് മുൻപ് പുലർച്ചെ 4.45നാണ് ആശുപത്രി​യി​ലെ ഒബ്സർവേഷൻ റൂമിൽ, കുടവട്ടൂർ സ്വദേശിയായ സന്ദീപ് മദ്യലഹരി​യി​ൽ ഡോ. വന്ദനാദാസിനെ കഴുത്തിലും തലയിലും കത്രിക കുത്തിയിറക്കി കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഡ്യൂട്ടിക്കിടയിൽ ഡോക്ടർ കൊല്ലപ്പെട്ട ഈ സംഭവം വൻ പ്രതിഷേധങ്ങൾക്കും ഇടയാക്കി.

മിയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് ഹൗസ് സർജൻസിക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു കോട്ടയം കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെ മകൾ ഡോ. വന്ദനാ ദാസ്. വിലങ്ങറ സ്കൂളിലെ അദ്ധ്യാപകനായിരുന്ന സന്ദീപ് സംഭവ ദിവസം പുലർച്ചെ മൂന്നോടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

പൊലീസ് എത്തുമ്പോൾ മദ്യലഹരിയിൽ അയൽവീടിന്റെ മുറ്റത്തുണ്ടായിരുന്ന സന്ദീപ് കാലിലെ മുറിവിൽ മരുന്ന് വയ്ക്കാൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. ബന്ധുവായ രാജേന്ദ്രൻപിള്ള, പൊതുപ്രവർത്തകൻ ബിനു എന്നിവരെയും കൂട്ടി പൊലീസ് ജീപ്പിൽ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. സന്ദീപിനെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ, മുറിവ് വൃത്തിയാക്കാൻ തൊട്ടടുത്ത ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഡ്രസിംഗ് റൂമി​ൽ നിന്നു പുറത്തിറങ്ങിയ സന്ദീപ് ബിനുവുമായി വാക്കേറ്റത്തി​ലായി. തുടർന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ബിനുവിനെയും തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചു. ഭയന്ന നഴ്സുമാർ കതകടച്ച് മുറികളിൽ അഭയം പ്രാപിച്ചു. ഇതിനിടയിൽ ഒബ്സർവേഷൻ മുറിയിൽ ഒറ്റപ്പെട്ട ഡോ. വന്ദനാ ദാസിനെ സന്ദീപ് കുത്തി​വീഴ്ത്തുകയായി​രുന്നു.

കൊട്ടാരക്കര സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് സന്ദീപ് കത്രിക വലിച്ചെറിഞ്ഞത്. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്തി. ഡോ.വന്ദന ദാസിനെ ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.