kunnathoor-
കുമരഞ്ചിറ - കോട്ടയ്ക്കകത്ത് മുക്ക് റോഡ്

കുന്നത്തൂർ: കുമരഞ്ചിറ - കോട്ടയ്ക്കകത്ത് മുക്ക് റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. സ്വകാര്യ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ റോഡിൽ ടാറിന്റെ അംശം പോലും കാണാനില്ല. കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ - കുമരഞ്ചിറ - ഭരണിക്കാവ് പ്രധാന പാതയ്ക്കാണ് ഈ ദുർഗതി. കുന്നത്തൂർ,ശൂരനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ പരിധിയിൽ വരുന്ന റോഡാണിത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്കും റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാമെങ്കിലും കണ്ടഭാവം കാട്ടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

അപകടങ്ങൾ പതിവ്

കാൽനട യാത്ര പോലും അസാദ്ധ്യമായ റോഡിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുകയാണ്. വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. അതിനാൽ സ്വകാര്യ ബസുകളിൽ പലതും സർവീസ് നിറുത്തി. സ്കൂൾ തുറക്കുന്നതോടെ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല. നൂറുകണക്കിന് കുട്ടികളാണ് ദിവസവും ഇതുവഴി സൈക്കിളിൽ സഞ്ചരിക്കുന്നത്. മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും.

റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ വിളിച്ചു കൂട്ടി ശക്തമായ സമരം ആരംഭിക്കും.

അഖിൽനാഥ് ഐക്കര

വൈസ് പ്രസിഡന്റ്

യൂത്ത് കോൺഗ്രസ്

ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി