photo
എൽ.ഡി.എഫ് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: യു.ഡി.എഫിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ എൽ.ഡി.എഫ് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ സംഗമം നടത്തി. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനമായ കൊട്ടിക്കലാശ ദിവസം യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ നടത്തിയ അക്രമത്തിനും വനിതകൾ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് പ്രവർത്തകരെ മർദ്ദിച്ചതിലും പ്രതിഷേധിച്ചായിരുന്നു ജനകീയ സംഗമം സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട യു.ഡി.എഫ് നേതൃത്വം അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അക്രമ സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എസ്.താര അദ്ധ്യക്ഷയായി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി. എൽ.ഡി.എഫ് നേതാക്കളായ എസ്.സുദേവൻ, സൂസൻകോടി, ഐ.ഷിഹാബ്, പി.കെ.ബാലചന്ദ്രൻ, പി.കെ.ജയപ്രകാശ്, ഗീതാകുമാരി, ഗോളി ഷംമുഖൻ, വസന്ത രമേശ്, സി.രാധാമണി, കരുമ്പാലിൽ സദാനന്ദൻ, സൈനുദ്ദീൻ, അബ്ദുൽസലാം അൽഹന, അഡ്വ.ബി.ഗോപൻ, ജഗത് ജീവൻലാലി, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.