കൊല്ലം: അച്ഛന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീരാഗി​ന് വേദനകൾക്കി​ടയി​ലും തി​ളക്കമാർന്ന വി​ജയം. രണ്ട് എപ്ലസും നാല് എയും ഉൾപ്പെടെ 1058 മാർക്കാണ് പൂതക്കുളം ജി.എച്ച്.എസ്.എസിലെ ബയോളജി സയൻസ് വിദ്യാർത്ഥിയായ ശ്രീരാഗ് കരസ്ഥമാക്കിയത്. ഹിന്ദി, കെമിസ്ട്രി എന്നിവയ്ക്ക് എ പ്ലസും ഇംഗ്ലീഷ്, ഫിസിക്‌സ്, ബയോളജി, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് എ ഗ്രേഡുമാണ് നേടിയത്.

പരവൂർ പൂതക്കുളം ഇടവട്ടം തെങ്ങിൽവീട്ടിൽ ശ്രീരാഗി​ന്റെ അമ്മ പ്രീതയെയും (39) സഹോദരി​ ശ്രീനന്ദയെയും (13) അച്ഛൻ ശ്രീജു കഴി​ഞ്ഞ ദി​വസം കഴുത്തറുത്ത് കൊലപ്പെടുത്തി​യി​രുന്നു. ശ്രീരാഗ് ഗുരുതര പരി​ക്കോടെ ചി​കി​ത്സയി​ലാണ്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് റൂമിലേക്ക് മാറ്റിയത്. സ്‌കൂളിലെ അദ്ധ്യാപകരാണ് പരീക്ഷാഫലം ആശുപത്രിയിലുളള ശ്രീരാഗിന്റെ അമ്മയുടെ സഹോദരനായ പ്രമോദിനെ അറിയിച്ചത്. പത്താംക്ലാസിൽ ഫുൾഎ പ്ലസോടെയാണ് ശ്രീരാഗ് ഉപരി പഠനത്തിന് അർഹത നേടിയത്. പഠനത്തിൽ എന്നും പിന്തുണ നൽകിയിരുന്ന അമ്മയോടും സഹോദരിയോടും ഒപ്പം ആഹ്‌ളാദം പങ്കിടാൻ പറ്റാത്ത വിഷമം ശ്രീരാഗിന്റെ ഉള്ളുലയ്ക്കുന്നുണ്ട്. കൗൺസിലംഗ് നടത്തിയാണ് ശ്രീരാഗിനെ റൂമിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ട് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി .രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കിടന്നത് മാത്രമേ ഓർമ്മയുള്ളുവെന്നാണ് ശ്രീരാഗ് മൊഴി നൽകിയത്. ശ്രീജുവിനെ കഴിഞ്ഞ ദിവസംകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.