arya

കടയ്ക്കൽ: മഴ ചെറുതായൊന്നു പെയ്താൽ ആര്യയുടെ വീടാകെ ചോർന്നൊലിക്കും. ഒരു വർഷത്തിനിടയിൽ പെയ്ത പെരുമഴകളിൽ ആര്യയുടെ പുസ്തകങ്ങൾ പലതവണ നനഞ്ഞുകുതിർന്നു. നനഞ്ഞു കുതിർന്ന പുസ്തത്താളുകൾ നിവർത്തി പഠിച്ച ആര്യയ്ക്ക് എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

ചിങ്ങോലി ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ് എസ്.എ. ആര്യ. മഴ പെയ്താൽ അന്ന് മാത്രമല്ല, പുസ്തകൾ കിട്ടുന്നത് വരെ പഠനം നടക്കില്ല. പകരം പുതിയത് വാങ്ങാൻ പണവുമില്ല. തട്ടുപണിക്കാരനായ അച്ഛൻ സുനിൽകുമാർ ഒന്നര വർഷം മുൻപ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. രോഗിയായ അമ്മ അജിതകുമാരി മാത്രമായിരുന്നു തണൽ. ഭർത്താവ് മരിച്ചതോടെ തൊട്ടടുത്ത കടയിൽ ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും കിട്ടുന്ന കൂലി അജിതകുമാരിക്ക് ചികിത്സയ്ക്ക് പോലും തികയുമായിരുന്നില്ല. അടുത്തിടെ രോഗം മൂർച്ഛിച്ച് ശസ്ത്ക്രിയയ്ക്ക് വിധേയായ അജിതകുമാരിക്ക് ഇപ്പോൾ ജോലിക്ക് പോകാനും കഴിയുന്നില്ല. ആര്യയുടെ സങ്കടങ്ങളറിയാവുന്ന അദ്ധ്യാപകർ അവൾക്ക് വലിയ പിന്തുണ നൽകി. ട്യൂഷൻ സെന്ററിൽ അവളെ ഫീസ് വാങ്ങാതെ പഠിപ്പിച്ചു. വിധിയോട് തോൽക്കാതിരിക്കാൻ ആര്യയും വാശിയോടെ പഠിച്ചു.

അഭിനന്ദിക്കാനും ആഘോഷിക്കാനും ആര്യയ്ക്ക് അധികം ബന്ധുക്കളില്ല. പക്ഷെ ഈ മിടുക്കിയുടെ വിജയം നാടാകെ ആഘോഷമാക്കിയിരിക്കുകയാണ്. പ്ലസ് ടുവിന് ബയോളജി സയൻസെടുക്കണമെന്നാണ് ആഗ്രഹം. പക്ഷെ പുസ്തകങ്ങളും യൂണിഫോമും വാങ്ങണം. വീടും പുലരണം. ഇതൊക്കെ ഓർക്കുമ്പോൾ ആര്യയുടെയും അമ്മ അജിതകുമാരിയുടെയും കണ്ണ് സന്തോഷത്തിനിടയിലും നിറയുകയാണ്. ഇപ്പോൾ ഒൻപതാം ക്ലാസ് കഴിഞ്ഞ അമൃത സഹോദരിയാണ്.