xxx
വരമ്പുകൾ ഇടിഞ്ഞു പനയ്ക്കൽ മുക്ക് -നാമ്പോഴി മുക്ക് തഴതോട്

ഓച്ചിറ: പനയ്‌ക്കൽമുക്ക് -നാമ്പോഴിമുക്ക് തോട്ടിൻകരയിലെ നൂറോളം വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഓച്ചിറ പഞ്ചായത്തിലെ 17 -ാം വാർഡിലെ പനയ്‌ക്കൽമുക്കിനും നാമ്പോഴിമുക്കിനും ഇടയ്‌ക്കുള്ള തഴത്തോട് മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്നതാണ് കാരണം. ദേശീയ പാതയിൽ നിന്നുള്ള മഴവെള്ളം കായംകുളം കായലിൽ പതിക്കുന്നത് ഏകദേശം 4 കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടിലൂടെയാണ്. ഇതിൽ ചില ഭാഗങ്ങളിലാണ് ഓടയുടെ അഭാവത്തിൽ മഴയത്ത് വീട്ടുപുരയിടങ്ങളിൽ വെള്ളം കയറുന്നത്.

സംരക്ഷണ ഭിത്തിയില്ല

തോടിന്റെ നവീകരണം നടക്കാത്തതിനാൽ മിക്ക ഭാഗങ്ങളിലും സംരക്ഷണ ഭിത്തി ഇല്ലാത്തത് സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്നതിന് കാരണമാകുന്നു.കുത്തൊഴുക്കുണ്ടാകുമ്പോൾ തോടിന്റെ വരമ്പുകളെ ഭേദിച്ചാണ് വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുന്നത്.ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി അവിടെ ഉണ്ടായ മാറ്റങ്ങൾ ഇക്കുറി മഴയത്ത് തോട്ടിൻകരയിലെ താമസക്കാരെ കൂടുതൽ ദുരിതത്തിലാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഓടനിർമ്മാണം പാതിവഴിയിൽ

പഞ്ചായത്തിന്റെ ഫണ്ട് അപര്യാപ്‌തമായതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമെന്ന നിലയിൽ ഓടയുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഓടയുടെ നിർമ്മാണം പാതിവഴിയിലെത്തിയപ്പോൾ നിയമ പ്രശ്‌നങ്ങൾ ഉയർന്നു വന്നതോടെ പണി നിറുത്തി വയ്‌‌ക്കേണ്ടി വന്നു .ഇതോടെ ജില്ലാ പഞ്ചായത്ത് ഫണ്ട് നഷ്‌ടപ്പെട്ട സ്ഥിതിയിലാണ്.നിയമ പ്രശ്‌നം ഉന്നയിച്ച വ്യക്തിയുമായി ആശയവിനിമയം നടത്തി അധികൃതർ ഈ മഴക്കാലത്തെങ്കിലും പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

വെള്ളക്കെട്ടിന്റെ ദുരിതങ്ങളിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാൻ പാതി വഴിയിൽ നിലച്ച ഓടയുടെ നിർമ്മാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

കെ. അനിൽകുമാർ

സെക്രട്ടറി

എസ്.എൻ.ഡി.പി യോഗം വലിയകുളങ്ങര

1363 ാം നമ്പർ ശാഖ

മഴയായാൽ വീട്ടുപുരയിടങ്ങളിൽ വെള്ളം കയറുമെന്ന പ്രശ്‌നത്തിനുപരി ഇവിടുത്തുകാർക്ക് പുറത്തേക്കിറങ്ങാൻ പോലും കഴിയാതാകും. നിർമ്മാണം ആരംഭിച്ച് പാതി വഴിയിലായ ഓട വെള്ളക്കെട്ട് ഒഴിവാക്കിയേനെ. കൂടാതെ 5 അടി വീതിയിൽ മൂടിയോടെയുള്ള ഓടയാകുമ്പോൾ അത് യാത്രാ സൗകര്യത്തിനും സഹായകമാകും. പണി മുടങ്ങിയതിലൂടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

ആർ.ദേവരാജൻ

പ്രദേശവാസി

യഥാക്രമം 2015 - 20,2020- 25 കാലയളവിൽ ജില്ലാ പഞ്ചായത്ത് 45 ലക്ഷവും 25 ലക്ഷവും അനുവദിച്ചിരുന്നു. രണ്ടു കാലയളവിലും തുക പൂർണമായി വിനിയോഗിക്കാനായില്ല.പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് മഴക്കാലത്തെ ജീവിതം ഏറെ ദുസഹമാണ്.

കെ. സരസ്വതി

വാ‌ർഡ് മെമ്പർ