കുലശേഖരപുരം: മഴപെയ്താൽ വെള്ളക്കെട്ടും ദുരിതവുമായി കഴിയുകയാണ് ഉള്ളന്നൂർ തിരുദർശനം പ്രദേശവാസികൾ. കുലശേഖരപുരം പഞ്ചായത്തിലെ 17-ാം വാർഡിലെ ഉള്ളന്നൂർ മുതൽ തിരുദർശനം വരെ ഓടകളിൽ കാലവർഷ സമയത്ത് ഒഴുക്ക് നിലയ്‌ക്കുന്നതാണ് പ്രദേശത്തെ ഏകദേശം 80 വീട്ടുകാരുടെ ജീവിതം ദുരിത പൂർണമാക്കുന്നത്. ഓടകൾക്ക് ഉയരം കൂട്ടി ജംഗ്‌ഷനിൽ പുതിയ കലുങ്ക് നിർമ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.നേരത്തെയുള്ള കലുങ്ക് പൊളിച്ചു മാറ്റിയായിരുന്നു ഓട നിർമ്മിച്ചത്. പ്രദേശത്തെ വീടുകളിൽ നിന്ന് മഴക്കാലത്ത് പുറത്തിറങ്ങാൻ ആൾക്കാർ പ്രയാസപ്പെടുന്നു.കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്‌ടറി, ശക്തികുളങ്ങര ദേവി വിലാസം സ്‌കൂൾ, ശക്തികുളങ്ങര ദേവി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ നാട്ടുകാർ ഏറെ ആശ്രയിക്കുന്ന പ്രദേശമാണിത്.
പഞ്ചായത്ത് ഫണ്ട് മാത്രമുപയോഗിച്ച് ഗുണനിലവാരമുള്ള ഓടയും കലുങ്കും നിർമ്മിക്കുക അപ്രായോഗികമാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മാത്രമെ നിർമ്മാണം നടക്കുകയുള്ളു എന്നതിനാൽ പഞ്ചായത്ത് സമിതി പ്രമേയം പാസാക്കി കാത്തിരിക്കുകയാണ്.
സി.ബാബു
പൊതുപ്രവർത്തകൻ
പഞ്ചായത്ത് ഫണ്ടിൽ നിന്ന് 10 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ കരാറെടുത്തവർ പണി ഉപേക്ഷിച്ചു പോയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇവരുടെ നിരുത്തരവാദിത്വം മൂലം ഫണ്ട് ലാപ്‌സായി. യാഥാർത്ഥ്യ ബോധം ഉൾകൊണ്ടാണ് പഞ്ചായത്ത് എം.എൽ.എ ഫണ്ടിനായി പ്രമേയം പാസാക്കിയത്.
അബ്‌ദുൽ സലിം
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ