അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി
അഞ്ചാലുംമൂട്: യാത്രക്കാർക്ക് അപകടക്കെണിയായി നീരാവിൽ-കുഴീക്കട റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നിട്ട് ഒരു വർഷമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. നിലവിൽ റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം. പ്രതിഷേധം ഉയർന്നതോടെ നീരാവിൽ ജംഗ്ഷനിൽ നിന്ന് കുരീപ്പുഴയിലേക്ക് പോകുന്നതിനിടയിലുള്ള കൂത്താട്ടുവിള കാവിന് സമീപത്തെ വളവിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക മാത്രമാണുണ്ടായത്. സ്ഥലപരിചയമില്ലാതെ വാഹനങ്ങളിൽ വരുന്നവർ ബോർഡ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പതിവാണ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് നീരാവിൽ നിന്ന് കുരീപ്പുഴയിലേക്ക് പോകുന്ന ഈ റോഡ്.
രണ്ട് മാസം മുൻപ് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞ് താഴാൻ തുടങ്ങി. വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടം ഒഴിവാക്കാനായി സംരക്ഷണഭിത്തി കെട്ടണമെന്ന നാട്ടകാരുടെ ആവശ്യം പോലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
ഒരു ബസിന് കടന്ന് പോകാനുള്ള വീതി മാത്രമേ ഇപ്പോൾ റോഡിനുള്ളു. നീരാവിൽ എസ്.എൻ.ഡി.പി. സ്‌കൂളിലേക്ക് നിരവധി വിദ്യാർത്ഥികൾ നടന്നും സൈക്കിളിലുമായാണ് ഇത് വഴി പോകുന്നത്. എത്രയും വേഗം റോഡ് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചില്ലെങ്കിൽ റോഡ് പൂർണമായും തകരുന്നതിനിടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
തെരുവ് വിളക്കില്ല
കുഴീക്കട റോഡിൽ സന്ധ്യമയങ്ങിയാൽ ഇരുട്ടാണ്. മൊബൈൽ ഫ്ളാഷ് ലൈറ്റുകളുടെയും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെയും വെളിച്ചത്തിലാണ് പലരും റോഡിലൂടെ പോകുന്നത്. തെരുവ് വിളക്കുകൾ പലതും കത്താതായതോടെയാണ് മൊബൈൽ വെളിച്ചത്തിൽ നടക്കേണ്ട അവസ്ഥയിലെത്തിയത്. വളവും തിരിവുമുള്ള റോഡിൽ ഒരിടത്തും വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കാൽ നടയാത്രക്കാരെ ഇടിച്ച് അപകടമുണ്ടാകുന്നതിനും വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീഴുന്നതിനും സാദ്ധ്യതയേറെയാണ്.