കൊല്ലം: ഡോ. കീർത്തി പണിക്കേഴ്സ് അക്കാഡമി ഒഫ് ഭരതനാട്യം ഡാൻസ് ഡ്രാമയുടെ നേതൃത്വത്തിൽ 12ന് വൈകിട്ട് അഞ്ചി​ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഭരതനാട്യ അരങ്ങേറ്രവും ഭരതനാട്യ ഡാൻസ് ഡ്രാമയും നടക്കും.

12 വർഷത്തെ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റവും മാവേലിക്കരയിൽ നടന്ന ദാരുണ സംഭവത്തെ പ്രമേയമാക്കി, മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും ബോധവത്കരണത്തിനുമായുള്ള ഭരതനാട്യ ഡാൻസ് ഡ്രാമയുമാണ് നടക്കുന്നത്. പ്രമുഖ നർത്തകി​ സ്വപ്ന ശ്രീകുമാറും സംസ്ഥാന നാടക അവാർഡ് ജേതാവ് പി.ജെ. ഉണ്ണിക്കൃഷ്ണനും ചടങ്ങിൽ മുഖ്യാതിഥികളാകും. പരിശീലനം പൂർത്തിയാക്കിയ എസ്. അമൃത, അവിഘ്ന, ദേവനന്ദന എന്നി​വരുടെ അരങ്ങേറ്റമാണ് നടക്കുന്നത്.

പത്മഭൂഷൻ ശാന്താധനഞ്ജയന്മാരുടെ മുതിർന്ന ശിഷ്യയും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നു ഭരതനാട്യം, കർണാടക സംഗീതം, ഡാൻസ് ഡ്രാമ എന്നിവയിൽ പി.എച്ച്ഡി നേടുകയും ചെയ്ത ഡോ. കീർത്തി പണിക്കരാണ് മുഖ്യ പരിശീലക. കൊല്ലം നഗരത്തിൽ ആദ്യമായി 1500 ഓളം കലാകാരന്മാരെ അണിനിരത്തിയ കലാമാമാങ്കമായ ദക്ഷിണ ഫെസ്റ്റിന്റെ ഡയറക്ടറായി​രുന്ന കീർത്തി പണിക്കരുടെ നേതൃത്വത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും ഭരതനാട്യ പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട്. പത്ര സമ്മേളനത്തിൽ ഡോ. കീർത്തി പണിക്കർ, പി.ജെ. ഉണ്ണിക്കൃഷ്ണൻ, എസ്. പ്രിൻസസ്, ദീപക് ദേവ് എന്നിവർ പങ്കെടുത്തു.