കൊല്ലം: മനുഷ്യ സ്നേഹത്തിന്റെ മഹത്തായ മാതൃക കാണിച്ച കൊല്ലം ജില്ല ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ സുരഭി മോഹനനെ മഹത്മാഗാന്ധി സാംസ്കാരിക സമിതി ആദരിച്ചു. അനുമോദന സമ്മേളനം പ്രസിഡന്റ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ഷാനവാസ് അദ്ധ്യക്ഷനായി. എം.മാത്യൂസ്, പേരയം വിനോദ്, ചീഫ് നഴ്സിംഗ് ഓഫീസർ കെ.ഷർമ്മിള, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് കെ.ശ്രീകല, എ.രതി, സി.എൽ.സരിത, സ്വപ്ന എന്നിവർ സംസാരിച്ചു. അനാഥമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ കിടന്ന സലീമിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് സുരഭി ബന്ധുത്വം ഏറ്റെടുത്ത് കൊല്ലം ജുമാമസ്ജിദിൽ നിന്ന് മതപണ്ഡിതന്മാരെ ക്ഷണിച്ച് വരുത്തി മരണാനന്തര ചടങ്ങുകൾ നടത്തി മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സലീമിനെ സുരഭി പരിചയപ്പെടുന്നത്. അനാഥനാണെന്നറിഞ്ഞത് മുതൽ സുരഭിയാണ് സലീമിന് ആഹാരവും മറ്റും നൽകിയിരുന്നത്. സലിം മരിച്ചപ്പോൾ നടപടിക്രമമനുസരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് വാങ്ങി. അഞ്ച് മാസമായിട്ടും മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനാലാണ് സുരഭി ഈ കർമ്മം ഏറ്റെടുത്തത്.