കൊല്ലം: മങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മിനി ഫ്രിഡ്ജും അലുമിനിയം പാത്രങ്ങളും മോഷ്ടിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയായ യുവാവ് പിടിയിൽ. മങ്ങാട് ശാസ്താംമുക്കിന് സമീപം താമസിക്കുന്ന വയലിൽ ഭാഗത്ത് ചുറ്റുവള്ളി പടിഞ്ഞാറ്റതിൽ ശരത്ത് ( 26) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ ജീവനക്കാർ സ്‌കൂളിലെത്തിയപ്പോൾ മിനിഫ്രിഡ്ജ് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ശരത്തിനെ പിടികൂടിയത്. കിളികൊല്ലൂർ സി.ഐ എച്ച്.എസ്.ഷാനിഫ്, എസ്.ഐമാരായ വൈശാഖ്, അജിത്ത്കുമാർ, അനിൽകുമാർ, എസ്.സി.പി.ഒ സാജ്, പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.