kalchira
നെടുമൺകാവ് കൽച്ചിറ ആറ്.

എഴുകോൺ : വേനലിലും ജല സമൃദ്ധമായ കൽച്ചിറ ആറ് കാഴ്ചയിൽ ആരെയും മോഹിപ്പിക്കുന്ന നീർച്ചോലയാണ്. എന്നാൽ അടിയൊഴുക്കും ചെളി നിറഞ്ഞ ചതുപ്പും ഒളിഞ്ഞിരിക്കുന്ന കെണി കൂടിയാണിവിടം. ഇതറിയാതെ പരിചിതരല്ലാത്തവർ കുളിക്കാനും മറ്റുമെത്തി അപകടത്തിൽ പെടുന്നതിന്റെ വേദനയിലാണ് പ്രദേശ വാസികൾ. ബുധനാഴ്ച ഇവിടെ കുളിക്കാനിറങ്ങിയ നാൽവർ സംഘം അപകടത്തിൽ പെട്ടതിന്റെ ഞെട്ടൽ കൽച്ചിറയുടെ ഓരത്ത് താമസിക്കുന്നവരിൽ ഇപ്പോഴുമുണ്ട് . പ്രദേശവാസിയായ യുവാവിനൊപ്പം എത്തിയവരാണ് വെള്ളത്തിൽ മുങ്ങിയത്. നാട്ടുകാരായ യുവാക്കൾ സമയോചിതമായി നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെ മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും കൊട്ടാരക്കര പെരുംകുളം തിരുവാതിരയിൽ മിഥുൻ (23) മരിച്ചിരുന്നു. എക്കൽ നീങ്ങിയുണ്ടായ ചതുപ്പിലാണ്ടതിനാലാണ് മിഥുനെ രക്ഷിക്കാനാകാഞ്ഞത്. ഇത്തരം നിരവധി ചതുപ്പുകൾ ഇവിടെയുണ്ട്.

ചെറുപ്പക്കാ‌ർക്ക് പ്രിയപ്പെട്ടയിടം

അരയ്ക്കൊപ്പം പൊക്കത്തിൽ വെള്ളം ഉള്ള ഭാഗങ്ങൾ സുരക്ഷിതമാണെന്ന് കരുതി ഇത്തരം ഭാഗങ്ങളിലൂടെ നടന്ന് നീങ്ങാൻ ശ്രമിക്കുന്നത് അപകടത്തിലേക്ക് എത്തിക്കാം. വെള്ളം അധികമില്ലെന്ന് കരുതി നീന്തൽ അറിയാത്തവർ പോലും ഇവിടെ എത്തി കുളിക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. മുന്നറിയിപ്പുകൾ നൽകിയാണ് ദുരന്തങ്ങൾ ഒഴിവാക്കുന്നത്. പ്രകൃതിദത്ത പാറക്കെട്ടുകളും തണൽ വൃക്ഷങ്ങളും പൂമരങ്ങളും അലങ്കരിക്കുന്ന തീരവും കൽച്ചിറയുടെ ആകർഷണമാണ്. വേനൽ കടുക്കുമ്പോൾ ദൂരദേശങ്ങളിൽ നിന്ന് യുവാക്കൾ ഉല്ലാസത്തിനായി എത്താറുണ്ട്. ഇരുവശങ്ങളിലും കൽച്ചിറയുടെ തീരം വരെ എത്തുന്ന റോഡുകളും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവും ചെറുപ്പക്കാരെ ഇവിടേക്ക് എത്തിക്കുന്ന ഘടകങ്ങളാണ്.

അപകട സൂചനാ ബോർഡുകൾ വേണം

കൽച്ചിറ കുടിവെള്ള പദ്ധതിയുടെ തടയണ കടന്നെത്തുന്ന തെളിഞ്ഞ വെള്ളമാണിവിടെ. രണ്ട് വർഷം മുൻപ് തൊട്ടടുത്തുള്ള സ്കൂളിലെ ഒരു വിദ്യാർത്ഥി മുങ്ങി മരിച്ചതാണ് നാട്ടുകാർ വേദനയോടെ ഓർക്കുന്ന മറ്റൊരപകടം. എൻജീനിയറിംഗ് വിദ്യാർത്ഥികളായിരുന്ന രണ്ട് പേർ കുളി കഴിഞ്ഞ് മടങ്ങുമ്പോൾ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ തട്ടി മരിച്ചതാണ് മറ്റൊന്ന്. ഇതിന് ശേഷം ഇവിടെ നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നു. ഇനി അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.