gas

കൊല്ലം: ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സിറ്രി ഗ്യാസ് പദ്ധതിയുടെ കൂറ്റൻ പ്ലാന്റ് നിർമ്മാണം ഒന്നരമാസത്തിനകം ആരംഭിക്കും. ഭൂമി കരാർ കമ്പനിയായ എ.ജി.പിക്ക് കൈമാറാനുള്ള നടപടി കെ.എം.എം.എല്ലിൽ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ ആയിരക്കണക്കിന് വീടുകളിൽ പ്രകൃതി വാതക വിതരണം ആരംഭിച്ചിട്ടും പ്ലാന്റ് സ്ഥാപിക്കാനുള്ള ഇടം ലഭിക്കാത്തതിനാൽ ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി ഇഴയുകയായിരുന്നു. ഇതോടെ പ്ലാന്റ് സ്ഥാപിക്കാൻ കെ.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള 126 സെന്റ് ഭൂമി പത്ത് വർഷത്തേക്ക് കരാർ കമ്പനിക്ക് പാട്ടത്തിന് വിട്ടുനൽകാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതുപ്രകാരം ഭൂമിക്ക് കളക്ടർ 20.80 ലക്ഷം രൂപ പ്രതിവർഷ പാട്ടം നിശ്ചയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചാലുടൻ കരാർ ഒപ്പിടാനാണ് ആലോചന. തൊട്ടുപിന്നാലെ പ്ലാന്റ് നിർമ്മാണം ആരംഭിക്കാനുള്ള നടപടി കരാർ കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.

കെ.എം.എം.എൽ ഖനനം പൂർത്തിയാക്കിയ 91 സെന്റ് ഭൂമിയിലാണ് സി.എൻ.ജി, വാതക രൂപത്തിലാക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് പുറമേ ദേശീയപാത ഓരത്തുള്ള 35 സെന്റ് സ്ഥലത്ത് വാഹനങ്ങളിൽ പ്രകൃതി വാതകം നിറയ്ക്കാനുള്ള ഔട്ട്ലെറ്റും സ്ഥാപിക്കുന്നുണ്ട്.

ഒരു വർഷത്തിനകം വിതരണം

 പ്ലാന്റ് നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനകം ചവറയിൽ നിന്ന് പ്രകൃതിവാതക വിതരണം

 കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കുണ്ടറ, കണ്ണനല്ലൂർ ഭാഗങ്ങളിലേക്കാകും ആദ്യഘട്ടത്തിൽ പ്രകൃതി വാതകം എത്തിക്കുക

 പ്ലാന്റിനൊപ്പം തന്നെ പൈപ്പിടലും

 പ്ലാന്റ് പൂർത്തിയാകുന്നതോടെ പ്രകൃതിവാതക വിതരണവും ആരംഭിക്കും

 പത്തനാപുരം മണ്ഡലത്തിലെ മേലില പഞ്ചായത്തിൽ ഒരു മാസത്തിനുള്ളിൽ താത്കാലിക പ്ലാന്റ് വഴി പ്രകൃതിവാതക വിതരണം

 കൊല്ലം നഗരത്തിൽ പ്രകൃതിവാതക വിതരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഇടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

വിട്ടുനൽകുന്ന ഭൂമി - 126 സെന്റ്

പാട്ടത്തുക ₹ 20.80 ലക്ഷം (പ്രതിവർഷം)

ഭൂമി വിട്ടുനൽകുന്നതിന്റെ പാട്ടക്കരാർ തയ്യാറാക്കുന്ന നടപടികൾ പ്രോജക്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കെ.എം.എം.എൽ അധികൃതർ