t

നായയുടെ ജന്മദി​നം ആഘോഷിച്ച് പ്രിയപ്പെട്ടവർ

കൊല്ലം: തെരുവിൽ നിന്നെത്തി ​നാടിന്റെ കാവൽക്കാരനായി മാറിയ തോമസ് എന്ന നായയ്ക്ക് ഒരു നാടൊന്നി​ച്ച് പിറന്നാൾ വിരുന്നൊരുക്കി. കൊല്ലം ഇരുവിപുരം കെട്ടിടമൂട് പ്രദേശത്തെ കാവൽക്കാരനായി അറിയപ്പെടുന്ന തോമസ് എന്ന നാടൻ ഇനത്തിൽപ്പെട്ട തെരുവ് നായയുടെ 12-ാം ജന്മദിനമാണ് നാട് ആഘോഷി​ച്ചത്.

പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് നാടാകെ ഫ്ളക്‌സുകളും സ്ഥാപിച്ചിരുന്നു. കൗൺസിലർ സുനിൽ തോമസാണ് കേക്ക് മുറിക്കാനെത്തിയത്. തുടർന്ന് വഴിയാത്രക്കാർക്കുൾപ്പെടെ ബിരിയാണിയും വിതരണം ചെയ്തു. 12വർഷം മുൻപ് കെട്ടിടമൂട് തീരപ്രദേശത്തെ പാറക്കെട്ടിൽ നിന്നാണ് മത്സ്യത്തൊഴിലാളിയായ ഡാർഫന് നായയെ ലഭിച്ചത്. തുടർന്ന് വീട്ടിലെത്തിച്ച് പാലും ഭക്ഷണവും നൽകി വളർത്തി തോമസ് എന്ന പേരും നൽകി. അന്ന് മുതൽ കെട്ടിടമൂട് നിവാസികളുടെ പൊന്നോമനയാണ് തോമസ്.

തോമസിനെ കൂടാതെ വാലാട്ടി, വരുത്തൻ, ബേബി​, ബ്രൂണോ എന്നീ നാല് നായ്ക്കളും ഡാർഫനൊപ്പമുണ്ട്. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ കൗൺസിലർ മുറിച്ച കേക്ക് തോമസിന് നൽകിയതോടെയാണ് പിറന്നാളാഘോഷങ്ങൾക്ക് തുടക്കമായത്. ഇതിന് ശേഷം നാട്ടുകാർക്കും തീരത്തെത്തിയ വിദേശികൾക്കും കേക്ക് നൽകി. തുടർന്ന് ബിരിയാണി വി​തരണവും നടന്നു.

കടലിൽ കുളി,​ ശേഷം ബ്രേക് ഫാസ്റ്റ്

പ്രദേശത്തെ വി.ഐ.പിയായ തോമസിന് കൃത്യമായ ദിനചര്യകളുണ്ട്. രാവിലെ കടലിലെ കുളി നിർബന്ധമാണ്. കുളി കഴിഞ്ഞെത്തിയാൽ ഉടൻ ബിസ്‌കറ്റുമായി ഡാർഫനെത്തും. ഇതിന് ശേഷം വിശ്രമം. ഉച്ചഭക്ഷണം പ്രദേശത്തെ വീടുകളിൽ നിന്ന്. രാത്രി ഭക്ഷണ മെനുവിൽ ചിക്കൻഫ്രൈ, കുഴിമന്തി, പൊറോട്ടയും ബീഫും ഒക്കെയുണ്ടാവും. ശേഷം കെട്ടിടമൂട് പ്രദേശത്തിന്റെ 'നൈറ്റ് വാച്ച്മാനാ'യി തോമസ് മാറും . രാത്രിയിൽ അപരിചിതർ ആരെങ്കിലുമെത്തിയാൽ നാട്ടകാരെ അറിയിക്കും. പ്രദേശത്തെ കുട്ടികളുടെയും തോഴനാണ് തോമസ്.