കൊല്ലം: ആർട്ട്‌ ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറുടെ 68-ാമത് ജന്മദിനാഘോഷം നാളെ ആർട്ട്‌ ഒഫ് ലിവിംഗ് ജില്ലാ കേന്ദ്രമായ തോപ്പിൽകടവ് ജ്ഞാനക്ഷേത്രത്തിൽ നടക്കും.

കൂടാതെ ജില്ലയിലെ പത്ത് ജ്ഞാനക്ഷേത്രങ്ങളിലും 30 ആർട്ട്‌ ഒഫ് ലിവിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചും ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജ്ഞാനക്ഷേത്രങ്ങളിലും സെന്ററുകളിലും രാവിലെ ഗുരുപൂജ, സത്സംഗ സമ്മേളനം, സേവാപദ്ധതികൾ, ശുചീകരണം, വൃക്ഷത്തൈ നടീലും വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ നടക്കും.

തോപ്പിൽ കടവ് ആശ്രമത്തിൽ വൈകിട്ട് 4.30ന് പരിപാടികൾ ആരംഭിക്കും. ബ്രഹ്മചാരിമാർ, ഗുരുപൂജ പണ്ഡിറ്റുകൾ എന്നിവർ ചേർന്ന് സമൂഹഗുരുപൂജ, മഹാസത്സംഗ് എന്നിവയോടെ തുടക്കം കുറിക്കും. 5 മുതൽ എഴുകോൺ ശ്രീശ്രീ അക്കാഡമി വിദ്യാർത്ഥികളും ആർട്ട്‌ ഒഫ് ലിവിംഗ് സെന്ററുകളിലെ കലാപ്രതിഭകളും ചേർന്ന് അവതരിപ്പിക്കുന്ന 'കലാസന്ധ്യ'. 6ന് പൊതുസമ്മേളനം സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമിജിമാർ, ബ്രഹ്മ ചാരിമാർ, പ്രമുഖ സംഘാടകർ, ഭക്തർ തുടങ്ങിയവർ പങ്കെടുക്കും.

ഒരു നിർദ്ധന യുവതിയുടെ വിവാഹം നടത്തുന്നതിനുള്ള സമ്മതപത്രം ജില്ലാ വനിത ശിശുക്ഷേമ വകുപ്പിന് കൈമാറും. എല്ലാ ആർട്ട്‌ ഒഫ് സെന്ററുകളും നിർദ്ധനരായ ഓരോ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കും. ഇതോടൊപ്പം 25 നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠന സഹായ വിതരണവും നടത്തും. രാത്രി 7 മുതൽ ആദർശ് ചിറ്റാർ അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ. തുടർന്ന് പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. വി.ആർ.ബാബുരാജ്, ജി.പത്മാകരൻ, എസ്.തിലകൻ, ഏനാത്ത് രാജീവ്, കെ.എസ്.അനിൽ, ഡോ.ജനാർദ്ദനൻ കുമ്പളത്ത്, ജി.പ്രദീപ്, പി.പ്രദീപ്‌ ഹരികൃഷ്ണൻ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.