തൃക്കോവിൽവട്ടം: കണിയാംതോട് മുതൽ അയത്തിൽ വരെയുള്ള ഏലാ റോഡ് വികസനവും കനാൽ പുനരുദ്ധാരണവും ഒച്ചിഴയുന്ന പോലെ നീങ്ങുന്നു. കൊല്ലം- കണ്ണനല്ലൂർ റോഡിൽ മുഖത്തലയ്‌ക്കും ഡീസന്റ് മുക്കിനുമിടയിൽ കണിയാംതോടിന്റെ ഇരു ഭാഗത്തുമായി ഏകദേശം 100 ഹെക്‌ടറുള്ള ഏലായിലൂടെ കടന്നു പോകുന്ന റോഡ് കണിയാംതോട്ടിൽ നിന്നാരംഭിച്ച് കൊല്ലം കോർപ്പറേഷനിലെ അയത്തിൽ ഭാഗത്താണ് അവസാനിക്കുന്നത്.
കിളികൊല്ലൂർ പാലക്കടവ് വഴി മങ്ങാട് കായലിൽ പതിക്കുന്ന കനാലിന്റെ പുനരുദ്ധാരണ ഭാഗമായുള്ള ആഴംകൂട്ടൽ പാതിവഴിയിൽ നിൽക്കുകയാണ്. ആഴം കൂട്ടിയപ്പോൾ നീക്കം ചെയ്‌ത ചെളിയും മണ്ണും തോട്ടിൻകരയിൽ കുന്നു കൂട്ടിയിരുക്കുന്നത് ഗതാഗതത്തിന് തടസമാകുന്നതായി കണിയാംതോട് പ്രദേശവാസികൾ പറയുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ, കാലവർഷത്തിൽ തോട്ടിൽ നിന്നു ഏലായിലേക്ക് വെള്ളമെത്തുന്നത് കൃഷി നാശത്തിനും കാരണമാകുമെന്ന് കർഷകർ പറയുന്നു.
പണിയായി പാലം പണി
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അയത്തിൽ ജംഗ്‌ഷനിൽ പുതിയ പാലത്തിന്റെ പണി നടക്കുന്നുണ്ട്. പാലത്തറ ഭാഗത്തെ അമ്മൂമ്മക്കാവിന് സമീപം മറ്രൊരു പാലത്തിന്റെ നിർമ്മാണവും ആരംഭിച്ചു. ഇതിനാൽ തോട്ടിലേക്കുള്ള ഒഴുക്ക് തടഞ്ഞതും പ്രതിസന്ധിയാണ്.
ഇപ്പോൾ ഒന്നാം വിളവിന്റെ സീസൺ ആണ്. ട്രാക്‌ടറും കൊയ്‌ത്തു മെഷീനും ഇതു വഴി കൊണ്ടു പോകാനാകുന്നില്ല. കനാൽ റോഡിൽ കാൽനട പോലും അസാദ്ധ്യമാണ്. തോടിന് പാർശ്വഭിത്തി നിർമ്മിക്കണം. തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കണം
കെ. സുധാകരൻ, ട്രഷറർ,
രണ്ടാം പാടശേഖര സമിതി,
വെട്ടിലത്താഴം
..............................................
.
തോട്ടിൽ സുഗമമായ നീരൊഴുക്കിനൊപ്പം സമാന്തരമായി ഒരു ഫാം റോഡുൾപ്പെടെ കർഷക സൗഹാർദമായ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ആഴം കൂട്ടിയപ്പോൾ നീക്കം ചെയ്‌ത മണ്ണും ചെളിയും വഴിയിൽ കൂനയായെങ്കിലും പ്രദേശത്തെ താമസക്കാർ കനാലിന്റെ മറുവരമ്പിലൂടെ സഞ്ചരിക്കുന്നുണ്ട്. ഏകദേശം 12 കോടിയുടെ പദ്ധതിയാണ്. മൂന്ന് മീറ്റർ വീതിയിൽ വഴിയും നിർമ്മിക്കും
എം, ഗംഗാദേവി,
വാർഡ് മെമ്പർ വെട്ടിലത്താഴം
....................................................
കണിയാംതോട് മുതൽ കൊല്ലം കോർപ്പറേഷനിലെ കിളികൊല്ലൂർ മങ്ങാട് ഭാഗം വരെ 8 കിലോമീറ്രർ ദൈർഘ്യത്തിലാണ് കരാർ. ഈ റൂട്ടിൽ മുൻകാലങ്ങളിലുണ്ടായ പ്രളയ സാദ്ധ്യത കണക്കിലെടുത്ത്, മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണി പൂർത്തിയാക്കും. എ ക്ലാസ് ലൈസൻസുള്ള കരാറുകാരെയാണ് പണിക്ക് നിയോഗിച്ചിട്ടുള്ളത്
ഇറിഗേഷൻ അധികൃതർ