photo

 നാട്ടുകാർക്ക് തലവേദനയായി കെ.ഐ.പി കനാൽ

കരുനാഗപ്പള്ളി: നിർമ്മാണം കഴിഞ്ഞ് നാല് പതിറ്റാണ്ടായിട്ടും ഒരു തുള്ളി വെള്ളം പോലും എത്താതെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിനെ കീറി മുറിച്ച് കടന്നു പോകുന്ന കെ.ഐ.പി കനാൽ നാട്ടുകാർക്ക് തലവേദനയാകുന്നു. ഇഴജന്തുക്കളാണ് ഇപ്പോൾ കനാലിലെ സുഖവാസക്കാർ. ഇഴജന്തുക്കളുടെ ശല്യം കാരണം രാത്രി കാലങ്ങളിൽ കനാലിന് സമീപത്ത് കൂടി നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കനാലിന് മൂടി ഇല്ലാത്തതിനാൽ തെരുവ് നായ്ക്കൾ കനാലിൽ വീണ് ചാകുന്നതും പതിവാണ്. മഴക്കാലത്ത് വെള്ളം കനാലിൽ തന്നെ കെട്ടിക്കിടന്ന് കൂത്താടികൾ പെരുകും. വശങ്ങളിൽ താമസിക്കുന്നവർ വലിച്ചെറിയുന്ന മാലിന്യം പതിക്കുന്നതും കനാലിലാണ്.

വേനൽക്കാലത്ത് കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനും കൃഷിയുടെ ജലസേചനത്തിനും വേണ്ടിയാണ് കനാൽ നിർമ്മിച്ചത്. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ഒരിക്കൽപ്പോലും വെള്ളമെത്തിയിട്ടില്ല. തെന്മല ഇറിഗേഷൻ പ്രോജക്ടിന്റെ ഇടതുകര കനാലിൽ നിന്നാണ് കുലശേഖരപുരത്ത് വെള്ളം എത്തേണ്ടത്.

അറ്റകുറ്റപ്പണിയില്ലാതെ

നാശത്തിന്റെ വക്കിൽ

കനാലിന്റെ തറയും വശങ്ങളും തകർന്ന് തുടങ്ങിയിട്ടുണ്ട്. നിർമ്മാണത്തിന് ശേഷം ഒരിക്കൽ പോലും അറ്റകുറ്റപ്പണി നടന്നിട്ടില്ല. മണ്ണടിശ്ശേരി, നീലികുളം, കുലശേഖരപുരം, ആദിനാട് വടക്ക്, കൊച്ചുമാംമൂട്, തുറയിൽക്കടവ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന കനാൽ ശാസ്താം പൊയ്കയിൽ വച്ചാണ് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലേക്ക് കടക്കുന്നത്. തുടർന്നൊഴുകി പശ്ചിമതീര കനാലിൽ അവസാനിക്കുന്നു. ഭൂനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മണ്ണ് കനാലിലേക്ക് ഇടിഞ്ഞ് വീഴാറുണ്ട്. കനാലിന്റെ നിർമ്മാണത്തിൽ ഉണ്ടായ അപാകതയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ഏറെ പ്രതിഷയോടെയാണ് നാട്ടുകാർ കെ.ഐ.പി കനാലിനെ കണ്ടത്. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നതോടൊപ്പം കൃഷിക്കും വെള്ളം ലഭിക്കും എന്നാണ് കരുതിയത്. കനാലിന് മീതേ മൂടി ഇടേണ്ടത് അത്യാവശ്യമാണ്. കനാലിന്റെ തകർന്ന് പോയ ഭാഗങ്ങളിൽ സിമന്റ് തേച്ചാൽ ഇഴജന്തുകളുടെ ശല്യം ഇല്ലാതാക്കാൻ കഴിയും. അടുത്ത വേനൽക്കാലത്തിന് മുമ്പായി കനാലിലൂടെ വെള്ളം എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.

എ.നാസർ,

വൈസ് പ്രസിഡന്റ്

കുലശേഖരപുരം ഗ്രാമപഞ്ചായത്ത്