കൊല്ലം: പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചി മുതൽ കന്യാകുമാരി വഴി തൂത്തുക്കുടി വരെ സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ് ലൈൻ ശൃംഖലയുടെ പ്രാഥമിക രൂപരേഖയായി.
ജില്ലയുടെ കിഴക്കൻ മേഖലയിലൂടെയാകും പൈപ്പ് ലൈൻ കടന്നുപോവുക. നിലവിലെ രൂപരേഖ അടിസ്ഥാനമാക്കി കൃത്യമായ അലൈൻമെന്റ് വൈകാതെ തയ്യാറാക്കും.
ഏനാത്ത് പാലത്തിന് സമീപത്ത് വച്ചാണ് പൈപ്പ് ലൈൻ പത്തനംതിട്ടയിൽ നിന്ന് ജില്ലയിൽ പ്രവേശിക്കുന്നത്. തുടർന്ന് കാര്യമായ ജനവാസവും ജംഗ്ഷനുകളുമില്ലാത്ത പ്രദേശത്ത് കൂടി കൊട്ടാരക്കര വഴി തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.
പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാഹക ശേഷിയുള്ളതാണ് പൈപ്പ് ലൈൻ. ഇതിനായി ഏഴ് മുതൽ പത്ത് മീറ്റർ വരെ വീതിയിൽ സ്ഥലത്തിന്റെ ഉപയോഗാനുമതിയാണ് നഷ്ടപരിഹാരം നൽകി ഭൂവുടമകളിൽ നിന്ന് വാങ്ങുന്നത്.
ഈ പ്രദേശത്തെ വിളകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം നൽകും. ഒന്നര മീറ്റർ അഴത്തിലാകും പൈപ്പ് ലൈൻ സ്ഥാപിക്കുക. അതുകൊണ്ട് ഉപയോഗാനുമതി ഏറ്റെടുക്കുന്ന സ്ഥലത്തിന് മുകളിൽ കെട്ടിട നിർമ്മാണവും ഭൂമി ട്രാക്ടർ, അടക്കമുള്ളവ ഉപയോഗിച്ച് ഇളക്കുന്ന കൃഷിയും അനുവദിക്കില്ല.
ജില്ലയിൽ കിഴക്കൻ മേഖലയിലൂടെ
പ്രാഥമിക രൂപരേഖയിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചാകും അലൈൻമെന്റ് തയ്യാറാക്കുക
തുടർന്ന് റവന്യു വകുപ്പ് സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഷ്ടപരിഹാരം കണക്കാക്കി സ്ഥലം ഏറ്റെടുക്കും
ജില്ലയുടെ കിഴക്കൻ മേഖലകളിലൂടെയാണ് പൈപ്പ് ലൈൻ ശൃംഖല കടന്നുപോകുന്നത്
പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോർഡാകും നഷ്ടപരിഹാരം നൽകുക
തുടർന്ന് പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ടെണ്ടർ ക്ഷണിക്കും
പൈപ്പിന്റെ വ്യാസം - 24 ഇഞ്ച്
പ്രതിദിന വാഹക ശേഷി - 12 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ
വീടുകളിലേക്കെത്തും സി.എൻ.ജി
കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽ നിന്ന് തൂത്തുക്കുടി വരെ പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതക ഇന്ധനത്തിന് പുറമേ വാഹനങ്ങൾക്കുള്ള ഇന്ധനം സി.എൻ.ജി (സമ്മർദ്ദിത പ്രകൃതി വാതകം) രൂപത്തിലും ഈ പൈപ്പ് ലൈനിലൂടെ ലഭ്യമാക്കും. പൈപ്പ്‌ലൈൻ കടന്നുപോകുന്ന ജില്ലകളിൽ വ്യാവസായിക, വാണിജ്യാവശ്യങ്ങൾക്കുള്ള പ്രകൃതിവാതകവും നൽകും.
പൈപ്പ് ലൈൻ വൈകുന്നതിനാൽ താത്കാലിക പ്ലാന്റുകൾ സ്ഥാപിച്ച് ജില്ലയിൽ പ്രകൃതിവാതക വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അധികൃതർ