പോരുവഴി: കൃത്യമായ സമയ ചാർട്ടിംഗ് ഇല്ലാത്തതും ബസുകൾ മുടങ്ങുന്നതും കാരണം പെരുവഴിയിലായി ഭരണിക്കാവ്, ആനയടി, ചാരുംമൂട്, ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി കൊല്ലം- കോട്ടയം ഫാസ്റ്റ് പാസഞ്ചറിനെ ആശ്രയിക്കുന്ന യാത്രക്കാർ. രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ഈ റൂട്ടിൽ കോട്ടയത്തേക്കുള്ളത്. സർക്കാർ ജീവനക്കാർ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ,​ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ എന്നിവരാണ് രണ്ട് ബസുകളെയും പ്രധാനമായും ആശ്രയിക്കുന്നത്.വൈകിട്ട് 6ന് ശേഷം ചെങ്ങന്നൂർ ഭാഗത്ത് നിന്ന് ഭരണിക്കാവ് ഭാഗത്തേക്കുള്ള അവസാന ബസ് സർവീസും ഇതാണ്. നിരവധി തവണ ഗതാഗത മന്ത്രിക്കും ഡിപ്പോ അധികാരികൾക്കും പാസഞ്ചേർഴ്സ് അസോസിയേഷൻ നിവേദനം നൽകിയെങ്കിലും അവഗണനയായിരുന്നു ഫലം. തുടർച്ചയായി വിശ്രമം ഇല്ലാത്ത സർവീസ് കാരണമാണ് ട്രിപ്പ്‌ മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്. സർവീസുകൾ കോട്ടയം മെഡിക്കൽ കോളേജ് വരെ നീട്ടി തിരികെ കൊട്ടാരക്കര വരെ എത്തിച്ച് സർവീസ് നടത്തിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.