കൊല്ലം: സി.ഐ.ടി.യു രൂപീകരണ ദിനമായ മേയ് 30 നോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
29ന് തുടങ്ങി ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ അവസാനിക്കുന്ന പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
29ന് ജില്ലയിലെ തോട്ടം തൊഴിലാളികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കും. 20 തോട്ടം തൊഴിലാളി മേഖലകളിലാണ് പരിപാടി. ഓയിൽപാം, ആർ.പി.എൽ, നെടുമ്പാറ, അമ്പനാട് ഉൾപ്പെടെയുള്ള തൊഴിലാളി മേഖലകളിൽ സി.ഐ.ടി.യു സംസ്ഥാന - ജില്ലാ നേതാക്കൾ എത്തിച്ചേരും.
50 പേർ അടങ്ങുന്ന സംഘമാണ് കിഴക്കൻ മേഖലയിൽ എത്തുന്നത്. 30ന് രാവിലെ തൊഴിലിടങ്ങളിലും യൂണിയൻ ഓഫീസുകളിലും പതാക ഉയർത്തും. വൈകിട്ട് 5ന് കൊല്ലം അഴീക്കോടൻ സ്‌ക്വയറിൽ പ്രഭാഷണം നടക്കും.
തൊഴിലിടങ്ങളിൽ ഒരു തണൽ മരം എന്ന സന്ദേശം പ്രചരിപ്പിച്ച് ഒരുലക്ഷം ഫലവൃക്ഷ തണൽ മരങ്ങൾ സി.ഐ.ടി.യു നട്ട് സംരക്ഷിക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലിടങ്ങളും പരിസര പ്രദേശങ്ങളും തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിക്കും. എല്ലാ തൊഴിലാളികളും പങ്കാളികളാകണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസിധരകുറുപ്പും സെക്രട്ടറി എസ്.ജയമോഹനും അഭ്യർത്ഥിച്ചു.