കോട്ടയം: മുപ്പത്തിയൊൻപത് വർഷം മുമ്പുള്ള ഓർമ്മകളുടെ കുളിരുമായി തിരുവനന്തപുരം ലാ കോളേജിലെ 82- 85 ബാച്ചിലെ എൽ.എൽ.ബി വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. അന്നത്തെ കൗമാരക്കാർ മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം വീണ്ടും ഒത്തുകൂടിയപ്പോൾ മൂന്ന് തലമുറയുടെ സംഗമം കൂടിയായി മാറി.
വത്യസ്ത വിദ്യാർത്ഥി സംഘടനകളുടെ ഭാഗമായി പരസ്പരം വെല്ലുവിളിച്ചതും പൊതിച്ചോർ പങ്കിട്ടതും പ്രണയിച്ചതും വാശിയോടെ പഠിച്ചതും അടക്കമുള്ള ഹൃദ്യമായ ഓർമ്മകൾ കോട്ടയം കുമരകത്ത് നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഒരു കാമ്പസ് സിനിമ പോലെ വീണ്ടും തെളിഞ്ഞു. 82-85ലെ വിദ്യാർത്ഥിയായിരുന്ന കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. ജുഡീഷ്യൽ ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് കമ്മിഷണർ, പത്രപ്രവർത്തകർ, അഭിഭാഷകർ, വിവിധ ലാ കോളേജുകളിലെ റിട്ട. അദ്ധ്യാപകർ, പൊതുപ്രവർത്തകർ അടക്കം വിവിധ രംഗങ്ങളിൽ ശോഭിച്ച അന്നത്തെ കൂട്ടുകാരെല്ലാം സംഗമത്തിന് എത്തിയിരുന്നു.
തുടർച്ചയായ ഇരുപത്തിരണ്ടാമത്തെ കൂട്ടായ്മയാണ് ഇന്നലെ കോട്ടയത്ത് നടന്നത്. കഴിഞ്ഞ കൂട്ടായ്മ കന്യാകുമാരിയിലായിരുന്നു. 82-85 ബാച്ച് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ട് അടുത്ത വർഷം നാല് പതിറ്റാണ്ട് തികയുകയാണ്. അതുകൊണ്ട് തന്നെ അടുത്ത സംഗമം തിരുവനന്തപുരം ലാ കോളേജിൽ വച്ച് വിപുലമായ സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് സൗഹൃദത്തിന്റെ ഊഷ്മളത തെല്ല് ചോരാതെ ഹൃദയത്തിൽ സൂക്ഷിക്കുന്ന കൂട്ടുകാർ പിരിഞ്ഞത്.