ശാസ്താംകോട്ട: യുവതിയുടെ മാലപൊട്ടിച്ച് കടക്കാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6.30ഓടെ ശാസ്താംകോട്ട ഫിൽട്ടർ ഹൗസിന് വടക്ക് വശമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിൽ കാത്ത് നിന്ന 2 യുവാക്കൾ തടഞ്ഞ് നിറുത്തി മാല പൊട്ടിക്കാനും അക്രമിക്കാനും ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടി എത്തി. യുവാക്കൾ ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചങ്കിലും നാട്ടുകാർ ഇവരെ പിടികൂടി സ്ഥലത്ത് എത്തിയ ശാസ്താംകോട്ട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാത്രി വൈകിയും യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താനോ വിശദാംശങ്ങൾ വെളിപ്പെടുത്താനോ പൊലീസ് തയ്യാറായില്ല.