sambrani

കൊല്ലം: വേനൽച്ചൂടിൽ വാടിക്കരിയുകയാണ് ജില്ലയിലെ ടൂറിസം മേഖല. അവധിക്കാല തിരക്ക് അനുഭവപ്പെട്ടിരുന്ന മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇപ്പോൾ പ്രതീക്ഷിച്ച പോലെ ആളുകൾ എത്തുന്നില്ല.

കൊടുംചൂടും ഉഷ്ണതരംഗവുമാണ് സഞ്ചാരികൾ യാത്ര ഒഴിവാക്കാൻ കാരണം. മദ്ധ്യവേനലവധിക്കാലമായ ഏപ്രിൽ മുതൽ ജൂൺവരെ സാധാരണ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ വലിയതോതിൽ എത്തിയിരുന്നതാണ്. കഴിഞ്ഞ സീസണിന്റെ പകുതിപോലും സഞ്ചാരികൾ ഇത്തവണ എത്തിയില്ലെന്ന് അധികൃതർ പറയുന്നു.

വിരലിലെണ്ണാവുന്നവർ മാത്രമാണ് രാവിലെ മുതൽ ഉച്ചവരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വൈകുന്നേരങ്ങളിലാണ് കുറച്ചെങ്കിലും ആളുകൾ എത്തിത്തുടങ്ങുന്നത്.

അവധിക്കാല വരുമാനം ലക്ഷ്യമിട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സ്കൂൾ അടച്ചതോടെ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരക്ക് അനുഭവപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഫെബ്രുവരി അവസാനം മുതൽ ചൂട് കനത്തുവന്നത് മേഖലയെ സാരമായി ബാധിച്ചു. ജൂലായിൽ ആരംഭിക്കുന്ന മൺസൂൺ സീസണിലാണ് ഇനി പ്രതീക്ഷ.

സഞ്ചാരികളുടെ വരവ് കുറഞ്ഞു
 മൺറോത്തുരുത്ത്​, അഷ്ടമുടി ബാക്ക് വാട്ടർ, സാമ്പ്രാണിക്കൊടി, ബീച്ചുകൾ, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ സഞ്ചാരികൾ കുറഞ്ഞു

 ശെന്തരുണി, തെന്മല, പാലരുവി തുടങ്ങിയ എക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരക്കില്ല

വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതും ടൂറിസം മേഖലയ്ക്ക് തിരിച്ചടി

 ഹോട്ടൽ, ഹോം സ്റ്റേ, ടാക്സി അനുബന്ധ മേഖലകളെയും ബാധിച്ചു

 ജടായുപ്പാറയിലും ചൂ​ടി​ന്റെ കാ​ഠി​ന്യം സ​ഞ്ചാ​രി​ക​ളെ​ അകറ്റി

സഞ്ചാരികളിൽ അധികവും തണുപ്പുള്ള പ്രദേശങ്ങളിലേയ്ക്കാണ് അവധിക്കാല​ യാത്രകൾ നടത്തിയിരുന്നത്. എന്നാൽ കനത്ത ചൂട് ഇത്തവണ വില്ലനായി.

ടൂറിസം വകുപ്പ് അധികൃതർ