 മോഷണം നടക്കുന്നത് ഈസ്റ്റ് പൊലീസിന്റെ മുക്കിൻ തുമ്പിൽ

 കള്ളൻമാരെ കുടുക്കാനാകാതെ പൊലീസ്

കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ തുടർച്ചയായി മോഷ്ടിക്കപ്പെടുമ്പൊഴും കള്ളൻമാരെ പിടികൂടാൻ കഴിയാതെ പൊലീസ്. കള്ളന്മാരെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഓരോ ദിവസവും പറയുന്നതിനിടയിലും വീണ്ടും ബൈക്കുകൾ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിക്കപ്പെടുകയാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ 30ഓളം ബൈക്കുകളാണ് നഗരപരിധിയിൽ മാത്രം മോഷണം പോയത്. പരാതിക്കാർ അന്വേഷണ പുരോഗതി ആരാഞ്ഞ് സ്റ്റേഷനിലെത്തുമ്പോൾ തലയിൽ കൈ വെക്കാനേ പൊലീസിന് കഴിയുന്നുള്ളു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പ്രത്യേകം സ്ക്വാഡും ഷാഡോ സംഘങ്ങളും രൂപീകരിച്ച് ബൈക്ക് മോഷ്ടാക്കൾക്കായി നാടാകെ വലവിരിച്ചിരിക്കുന്നുവെന്ന് ഈസ്റ്റ് പൊലീസ് പറയുമ്പോഴാണ് മോഷ്ടാക്കൾ പുഷ്പം പോലെ ബൈക്കുകളുമായി കടക്കുന്നത്. വാഹനയാത്രക്കാരെ തടഞ്ഞുനിറുത്തി പിഴ ഈടാക്കുന്ന ആർജവം ബൈക്ക് മോഷ്ടാക്കളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ദിവസങ്ങളിലും മോഷണം

ഇക്കഴിഞ്ഞ 9ന് ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം പുതിയകാവ് ക്ഷേത്രത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന കൊല്ലം കൈകുളങ്ങര കൊച്ചുവലിയഴികത്തു വീട്ടിൽ അമ്പളിയുടെ ബൈക്ക് കള്ളന്മാർ കൊണ്ടുപോയിരുന്നു. 8ന് പുലർച്ചെ 4.50നാണ് ക്ഷേത്രത്തിന്റെ ഗേറ്റിന് സമീപം മതിലിനോട് ചേർന്ന് ബൈക്ക് പാർക്ക് ചെയ്തത്. തുടർന്ന് ഗുരുവായൂരിലേക്ക് പോയി 9ന് രാത്രി 8.30ഓടെ തിരികെ എത്തി നോക്കുമ്പോഴാണ് ബൈക്ക് മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. കെ.എൽ. 02 എ.ആർ 5030 ഹീറോ ഹോണ്ട പാഷൻ ബൈക്കാണ് മോഷണം പോയത്. 10ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

യന്ത്ര ഭാഗങ്ങൾ അഴിച്ചെടുക്കലും ഇന്ധനം ചോർത്തലും

ഒരാഴ്ച മുൻപ് ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ മോഷണം പോയിരുന്നു. റെയിൽവേ സ്‌റ്റേഷൻ പരിസരം, പഴയ ആർ.എം.എസ്, ക്യു.എ.സി റോഡ് എന്നിവിടങ്ങളിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് പതിവായിട്ടുണ്ട്. ഇന്ധനം ചോർത്തൽ, യന്ത്ര ഭാഗങ്ങൾ അഴിച്ചെടുക്കൽ എന്നിവയും അരങ്ങേറുന്നുണ്ട്.