സംഭരണ ശേഷി 115.72 മീ.
ജലനിരപ്പ് ഇപ്പോൾ 98.47 മീ.
മഴക്കാലത്ത് വൈദ്യുതി ഉത്പാദനം
2 ജനറേറ്റർ വഴി
15 മെഗാവാൾട്ട്
ഇപ്പോൾ
1 ജനറേറ്റർ വഴി
1.4 മെഗാവാൾട്ട്
പുനലൂർ: വേനൽച്ചൂടിൽ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുന്നു. ഒരു ജനറേറ്റർ വഴി 1.4 മെഗാവാൾട്ട് വൈദ്യുതിയാണ് ശനിയാഴ്ച ഉത്പ്പാദിപ്പിച്ചത്. രണ്ട് ജനറേറ്ററുകളാണ് പവർ ഹൗസിൽ സജ്ജമാക്കിയിരുന്നതെങ്കിലും ഒരു ജനറേറ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. കാലവർഷത്തിൽ രണ്ട് ജനറേറ്ററുകൾ വഴി 15 മെഗാവാൾട്ട് വൈദ്യുതി ദിവസവും ഉത്പ്പാദിപ്പിച്ചിരുന്നു.
കനാലുകൾ വഴി വേനൽക്കാല ജലവിതരണം
വേനലിൽ ഒരു ജനറേറ്റർ വഴി വൈദ്യുതി ഉത്പ്പാദിപ്പിച്ച വെള്ളമാണ് കല്ലടയാറുവഴി ഒഴുക്കി വിടുന്നത്. അണക്കെട്ടിൽ നിന്ന് കല്ലടയാറ് വഴി ഒഴുക്കി വിടുന്ന വെള്ളം ഒറ്റക്കൽ ലുക്ക് ഔട്ട് തടയണയിൽ എത്തിക്കും. തുടർന്ന് കെ.ഐ.പിയുടെ ഇടത്, വലത് കര കനാലുകൾ വഴി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾക്കായി എത്തിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ വലത് കര കനാൽ വഴി 1.5 മീറ്റർ ഉയരത്തിലും ഇടത് കര കനാൽ വഴി 2.40മീറ്റർ ഉയരത്തിലും വേനൽക്കാല ജല വിതരണം നടത്തി വരുന്നു.
എർത്ത് ഡാം ഉണങ്ങി വരണ്ടു
അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ,കഴുതുരുട്ടി ആറുകൾ എല്ലാം വരണ്ട് ഉണങ്ങി തുടങ്ങി. ഇത് കൂടാതെ തിരുവനന്തപുരം-ചെങ്കോട്ട പാതയോരത്തെ വൃഷ്ടി പ്രദേശത്തെ എർത്ത് ഡാമും ഉണങ്ങി വരണ്ടു. ഇവിടെ രൂപപ്പെട്ട കൂറ്റൻ മണൽ കൂനകൾ കാണാൻ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് ദിവസവും. എർത്ത് ഡാമിലെ ബോട്ട് യാർഡിലും മറ്റും മണൽ കൂനകൾ തെളിഞ്ഞതോടെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തി വരുന്ന ഉല്ലാസ ബോട്ട് യാത്രയും അനിശ്ചിതത്വത്തിലായി. വെള്ളം വറ്റി മണൽ കൂനകൾ തെളിഞ്ഞതോടെ നിലവിലെ ബോട്ട് ഡയാർഡിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ യാർഡ് മറ്റി സ്ഥാപിച്ചു. രണ്ട് ദിവസം വേനൽ മഴ ലഭിച്ചെങ്കിലും അണക്കെട്ടിലെ ജല നിരപ്പ് ഗണ്യമായി താഴുകയാണ്.
നിലവിൽ അണക്കെട്ടിൽ 37ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ശനിയാഴ്ച 4 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു.
ബീനകുമാരി
കല്ലട ഇറിഗേഷൻ അസി.എൻജിനീയർ