kunnathoor-
ഇടയ്ക്കാട്ട് എ.സി പൊട്ടിത്തെറിച്ച് തീപിടിച്ച വീടിന്റെ ജനാല

കുന്നത്തൂർ: പോരുവഴി ഇടയ്ക്കാട്ട് എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇടയ്ക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്.

ഈ സമയം വീട്ടുകാർ സമീപത്ത് പ്രാർത്ഥനയ്ക്ക് പോയിരിക്കുകയായിരുന്നു. വൻ ദുരന്തം വഴിമാറി. എ.സി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ കട്ടിൽ, മെത്ത, ജന്നാലകൾ എന്നിവ പൂർണമായും കത്തിനശിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അസി. സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.