പുനലൂർ: വന മേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടം മേഖലയിലെ കൃഷിഭൂമി ഉടൻ കൃഷി യോഗ്യമാക്കി മാറ്റിയില്ലെങ്കിൽ വനം വകുപ്പ് ഭൂമി ഏറ്റെടുക്കുമെന്ന ഉത്തരവ് പിൻവലിക്കണണെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹൻ ആവശ്യപ്പെട്ടു. വനം വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് തോട്ടം മേഖലയോടും വന മേഖലയോട് ചേർന്ന ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകരോടുമുള്ള വെല്ലുവിളിയാണ്. തെന്മല ഡി.എഫ്.എ തോട്ടം ഉടമകൾക്കും കർഷകർക്കും നോട്ടീസ് നൽകിട്ടുണ്ട്. വന്യ മൃഗ ശല്യത്തെ തുടർന്നാണ് കൃഷിക്കാരും തോട്ടം ഉടമകളും കൃഷി ചെയ്യാതെ ഭൂമി തരിശായി ഇട്ടിരിക്കുന്നത്. വന്യ ജീവികളുടെ ആക്രമണം കാരണം ഓരോ വർഷവും നൂറു കണക്കിന് ജീവനുകളാണ് പൊലിയുന്നത്. കോടി കണക്കിന് രൂപയുടെ കൃഷി നാശവും നേരിടേണ്ടി വരുന്നു. വന്യമൃഗങ്ങൾക്ക് വനത്തിനുളളിൽ തീറ്റയും വെള്ളവും നൽകുന്നതിനൊപ്പം പുറത്തേക്ക് കടന്ന് പോകാതിരിക്കാൻ വേലി കെട്ടിത്തിരിക്കാൻ വനംവകുപ്പ് തയ്യാറാകണം. ഇത് നടപ്പിലാക്കാൻ കഴിയാത്ത വനംവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് കാണിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി.