കൊല്ലം: ഡോ. കീർത്തി പണിക്കർ നരാധമൻ എന്ന നൃത്തനാടകം അവതരിപ്പിച്ചപ്പോൾ സദസ് ഒന്നടങ്കം നിശബ്ദമായി. ചടുലമായ നൃത്തച്ചുവടുകളാൽ സദസിനെ ആസ്വാദനത്തിന്റെ പുത്തൻ തലങ്ങളിലേക്ക് അവർ നയിച്ചു.

മാവേലിക്കരയിൽ അച്ഛന്റെ കൈകൊണ്ട് ആറ് വയസുകാരിയായ നക്ഷത്രയെന്ന പിഞ്ചുകുഞ്ഞ് കൊലചെയ്യപ്പെട്ട സംഭവത്തെ മുൻനിറുത്തിയായിരുന്നു നൃത്തനാടകം. കല സമൂഹത്തിന് വേണ്ടിയെന്ന കാഴ്ചപ്പാട് അർത്ഥവത്താക്കുന്ന ദൃശ്യവിസ്മയത്തിന് ന‌ൃത്താസ്വാദകരുടെ കണ്ണും മനസും ഒരുപോലെ നിറയ്ക്കാൻ കഴിഞ്ഞു. സോപാനം ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ആസ്വാദകവൃന്ദം വിസ്മയ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

മദ്യം, മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ആസ്വാദക ഹൃദയങ്ങളിൽ ചിന്തയുടെ തീപടർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. കീർത്തി പണിക്കർ നരാധമൻ രൂപപ്പെടുത്തിയിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സൂരജിന്റെയും സ്ത്രീധന പീഡനത്തിന് ഇരയായി ആത്മഹത്യയിൽ അഭയം പ്രാപിച്ച വിസ്മയയുടെയും പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് ആക്രമണത്തിന് വിധേയായ പെൺകുട്ടിയുടെയും വേദനകൾ ഇഴചേർത്ത് ഡോ. കീർത്തി പണിക്കർ ആവിഷ്‌കരിച്ച അഭിനഭവ കാളിയെന്ന നൃത്തനാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അടുത്തിടെ ആറ്റുകാൽ ക്ഷേത്രത്തിൽ അഭിനവകാളി അവതരിപ്പിച്ചപ്പോൾ മിണ്ടാൻ ശേഷിയില്ലാത്ത തിരുവനന്തപുരം നിഷിലെ കുട്ടികൾ നിറകണ്ണുകളോടെ അഭിനന്ദിച്ചത് ഡോ. കീർത്തി പണിക്കരുടെ ഹൃദയത്തിൽ പുതിയൊരു കനൽ ജ്വലിപ്പിച്ചു. ആ കനലിൽ നിന്നാണ് നരാധമന്റെ പിറവി.

കേരളത്തിലെ അറിയപ്പെടുന്ന നൃത്ത പരിശീലന കേന്ദ്രമായ ഡോ. കീർത്തി പണിക്കേഴ്‌സ് അക്കാഡമിയിൽ അതിദീർഘമായ കാലം ഭരതനാട്യം പരിശീലിച്ച ദേവനന്ദ ഹരിസുതൻ, അവിഘ്ന അരുൺ, എസ്.അമൃത എന്നിവരുടെ അരങ്ങേറ്റത്തിനും വേദി സാക്ഷ്യം വഹിച്ചു. ഭരതനാട്യത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചാരം ആരംഭിച്ച വൈഗ വിനായകിന്റെയും ജുവൽ വിശാഖിന്റെയും രംഗപ്രവേശവും നിവേദ്യ സനൂജ്, ജാനകി ശ്രീകുമാർ, ദേവകി ശ്രീകുമാർ എന്നിവരുടെ ചിലങ്ക പൂജയും ഒപ്പം നടന്നു. പ്രമുഖ മോഹിനിയാട്ടം നർത്തകി സ്വപ്ന ശ്രീകുമാറും സംസ്ഥാന നാടക അവാർഡ് ജേതാവ് പി.ജെ.ഉണ്ണിക്കൃഷ്ണനും ചടങ്ങിൽ മുഖ്യാതിഥികളായി.

കടമെടുത്തത് കാലിക പ്രശ്നങ്ങൾ

സാമൂഹ്യ പ്രതിബദ്ധത ഹൃദയത്തിന്റെ ആഴങ്ങളിൽ ഉറപ്പിച്ചിട്ടുള്ള കീർത്തി പണിക്കർ പുരാണ ഇതിവൃത്തങ്ങൾക്ക് പകരം കാലിക പ്രശ്‌നങ്ങൾ ആസ്പദമാക്കിയുള്ള ചിട്ടപ്പെടുത്തലുകൾക്കാണ് മുൻതൂക്കം നൽകുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭരതനാട്യം, കർണാടക സംഗീതം, ഡാൻസ് ഡ്രാമ എന്നിവയിൽ ഡോക്ടറേറ്റും പത്മഭൂഷൺ ശാന്ത ധനഞ്ജയന്മാരുടെ മുതിർന്ന ശിഷ്യയുമാണ് ഡോ. കീർത്തി പണിക്കർ. കൊല്ലം നഗരത്തിൽ ആദ്യമായി 1500 ഓളം പേരെ അണിനിരത്തിയ കലാമാമാങ്കമായ ദക്ഷിണ ഫെസ്റ്റിന്റെ ഡയറക്ടറായിരുന്നു.