ശാസ്താംകോട്ട: കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മനക്കര ഉണ്ണി മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ കിണറ്റിലകപ്പെട്ട മനക്കര സ്വദേശിയായ ഹരിക്കുട്ടൻ പിള്ളയെയാണ് രക്ഷപ്പെടുത്തിയത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹരിക്കുട്ടൻ പിള്ള മുകളിലേയ്ക്ക് കയറാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ജോസ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിജേഷ്, രതീഷ്, ഗോപൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവറായ ഹരിലാൽ, ഹോം ഗാർഡ് പ്രദീപ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.